മലപ്പുറം: മലപ്പുറം കാന്‍സര്‍ സെന്‍റര്‍ യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രത്തിനുള്ള 25 ഏക്കര്‍ സ്ഥലം വിട്ടു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് ഏറെക്കാലത്തെ ജില്ലയുടെ പ്രതീക്ഷ യാഥാര്‍ഥ്യമാകുന്നത്. ഇതോടൊപ്പം മലപ്പുറം വനിതാ കോളജിന് കെട്ടിടം നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ കൈമാറാനും തീരുമാനമായി. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി ) പാണക്കാട്ട് ഇന്‍കലിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ സ്ഥലത്താണ് മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുക. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്‍ററിനും തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍റററിനും ശേഷം സംസ്ഥാനത്തെ സമ്പൂര്‍ണ കാന്‍സര്‍ ആശുപത്രിയാണ് മലപ്പുറത്ത് സ്ഥാപിക്കുക. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) പാണക്കാട്ട് ഇന്‍കലിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ 25 ഏക്കറിലാണ് മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ഇഫ്ളു കാമ്പസിനായി കൈമാറിയ 75 ഏക്കറിലെ സ്ഥലമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൈമാറാന്‍ തീരുമാനിച്ചത്. ഇവിടെ തന്നെയാണ് വനിതാ കോളജിനുള്ള അഞ്ച് ഏക്കറും നല്‍കിയത്. മലപ്പുറത്ത് വിഭാവനം ചെയ്യുന്ന, നവീന ചികിത്സാ സംവിധാനങ്ങളോടെ 300 കിടക്കകളുള്ള കാന്‍സര്‍ ആശുപത്രിക്കായി ബജറ്റില്‍ ഒരു കോടി രൂപയാണ് നീക്കിവെച്ചത്. സ്പെഷല്‍ ഓഫിസറായി നേരത്തെ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ സ്പെഷല്‍ ഓഫിസറായിരുന്ന ഇന്‍കെല്‍ മുന്‍ എക്സി. ഡയറക്ടര്‍ ശശിധരന്‍ നായരെ നിയമിച്ചിരുന്നു. 2014 ഫെബ്രുവരി 14ന് മലപ്പുറം ആസ്ഥാനമായി ‘മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായമന്ത്രി വൈസ് ചെയര്‍മാനുമായ സൊസൈറ്റിയില്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും മലപ്പുറം എം.പിയും മലപ്പുറം, വേങ്ങര മണ്ഡലങ്ങളിലെ എം.എല്‍.എമാരും കലക്ടറും അടക്കം 25 അംഗങ്ങളാണുള്ളത്. മലപ്പുറത്ത് പ്രോജക്ട് ഓഫിസും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ കാന്‍സര്‍ രോഗ ചികിത്സക്കുള്ള പ്രഥമിക സൗകര്യങ്ങള്‍പോലുമില്ല. വിദഗ്ധ ചികിത്സക്ക് സൗകര്യങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം ആര്‍.സി.സിയെയും തലശ്ശേരി എം.സി.സിയെയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയുമാണ് രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ദീര്‍ഘയാത്ര ചെയ്യുന്നതിനാല്‍ രോഗികള്‍ക്കുണ്ടാകുന്ന വിഷമതകളടക്കം ഒട്ടേറെ പ്രയാസങ്ങളാണ് ഇതുമൂലം അനുഭവിക്കുന്നത്. മലപ്പുറത്ത് കാന്‍സര്‍ സെന്‍റര്‍ സ്ഥാപിതമാവുന്നതോടെ ഏറെ പേര്‍ക്ക് ഇത് ആശ്രയമാവും. ഭൂമി കൈമാറ്റം നടക്കുന്ന മുറക്ക് ഇവിടെ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുമെന്ന് പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. മലപ്പുറം കോട്ടപ്പടി ഗവ. ബോയ്സ് ഹൈസ്കൂളിന് സമീപത്തെ രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗവ. വനിത കോളജിന് അഞ്ച് ഏക്കര്‍ ഭൂമിയാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.