അമരമ്പലം പഞ്ചായത്ത് ലഹരിയില്‍ മയങ്ങുന്നു

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ കഞ്ചാവ്, ലഹരി മാഫിയകള്‍ പിടിമുറുക്കുന്നു. പൂക്കോട്ടുംപാടം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമാണ് മാഫിയ വിലസുന്നതായി പരാതിയുള്ളത്. യുവാക്കളെയും കുട്ടികളെയുമാണ് സംഘം പ്രധാനമായും വലയിലാക്കുന്നത്. പഞ്ചായത്തിലെ മിക്ക അങ്ങാടികളിലും സ്കൂളുകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ്, ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ ലഹരിവസ്തുക്കള്‍ വ്യാപകമാണ്. അടുത്ത ദിവസം സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടിയെ ലഹരിക്കടിമപ്പെട്ട് പിടികൂടിയപ്പോള്‍ കുട്ടി ഇവയുടെ കാരിയറായി പ്രവര്‍ത്തിക്കുന്നതായും കണ്ടത്തി. സ്കൂള്‍ മൂത്രപ്പുരകളിലും ക്ളാസ്മുറികളിലും വരെ സിഗരറ്റ്, പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ വിരളമല്ല എന്ന അഭിപ്രായമാണ് സ്കൂള്‍ അധികാരികള്‍ക്കുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ലഹരി ഉപയോഗം കൂടുതലാണെന്നും ഇവിടെ ലഹരി ഉപയോഗിച്ച് വാക്തര്‍ക്കങ്ങളും അടിപിടിയും പതിവാണെന്നും സമീപവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം അങ്ങാടിയില്‍ സ്വകാര്യ കെട്ടിടത്തിനടുത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെട്ടിട ഉടമയെ മര്‍ദിച്ച സംഭവവുമുണ്ടായിരുന്നു. പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളായ പൊട്ടിക്കല്ല്, പരിയങ്ങാട് എന്നിവിടങ്ങളില്‍ അട്ടപ്പാടി, തമിഴ്നാട് ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നവരുണ്ടെന്നും യുവാക്കളും കുട്ടികളും ഇതിനടിമപ്പെടുന്നുവെന്ന പരാതിയും നാട്ടുകാര്‍ക്കിടയിലുണ്ട്. അങ്ങാടികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവില്‍പന ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന രീതിയാണ്. കോളനികള്‍ കേന്ദ്രീകരിച്ച വ്യാജവാറ്റും തുടരുകയാണ്. എക്സൈസ്, പൊലീസ് അധികൃതര്‍ പരിശോധനകള്‍ പലപ്പോഴും കേവലം അനധികൃത മദ്യവില്‍പ്പന നടത്തുന്നവരില്‍മാത്രം ഒതുങ്ങി പോകുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്കൂളിന് സമീപത്തെ പെട്ടിക്കടകള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുക, പഞ്ചായത്തിന്‍െറ ഉള്‍പ്രദേശങ്ങളില്‍ പൊലീസ്, എക്സൈസ് അധികാരികളുടെ നിരന്തര ഇടപെടലുകള്‍ ഉറപ്പുവരുത്തുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.