വണ്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഇനി താലൂക്ക് ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഒരു മാസത്തിനകം

വണ്ടൂര്‍: ദിനേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന വണ്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായതായും സ്റ്റാഫ് പാറ്റേണടക്കമുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വണ്ടൂര്‍ സി.എച്ച്.സിയില്‍ പുതുതായി വരുന്ന ശിശുരോഗ വിഭാഗം ബ്ളോക്കിന്‍െറ ശിലാസ്ഥാപന കര്‍മത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടുവര്‍ഷം മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയിരുന്നെങ്കിലും ധനവകുപ്പ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞതോടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ ഏറെയുള്ള വണ്ടൂരില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പരാധീനതകള്‍ ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാത്തതും ടെസ്റ്റുകള്‍ നടത്താനുള്ള ബുദ്ധിമുട്ടുമെല്ലാം കാരണം രോഗികള്‍ക്ക് പലപ്പോഴും സ്വകാര്യ ആശുപത്രികളെയും കിലോമീറ്ററുകള്‍ ദൂരത്തുള്ള മഞ്ചേരി മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവയെയും ആശ്രയിക്കേണ്ടി വന്നു. താലൂക്ക് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ രോഗികളുടെ ഈ പ്രയാസത്തിന് ഒരുപരിധി വരെ പരിഹാരമാവും. അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനായി നാല് ഡോക്ടര്‍മാരെ അനുവദിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമര്‍ഫാറൂഖ് പറഞ്ഞു. എന്നാല്‍, അത്യാഹിത വിഭാഗം സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ക്ളര്‍ക്ക് എന്നീ തസ്തികകളിലെല്ലാം അടിയന്തര നിയമനം നിര്‍ബന്ധമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.