മമ്പാട്ട് ഫര്‍ണിച്ചര്‍ ശാലക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

നിലമ്പൂര്‍: വടപുറത്ത് ഫര്‍ണിച്ചര്‍ ശാലക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. മമ്പാട് വടപുറം പുളിയഞ്ചോട് ജങ്ഷനിലെ എം.സി. ജെയിംസിന്‍െറ വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ ശാലക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് തീപിടിച്ചത്. ഫര്‍ണിച്ചറും തടികളും മര ഉരുപ്പടികളും യന്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഫര്‍ണിച്ചര്‍ ശാലയില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ജെയിംസ് പുറത്തിറങ്ങിയപ്പോഴാണ് ഫര്‍ണിച്ചര്‍ ശാലക്ക് തീ കത്തുന്നതായി കണ്ടത്. വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ഫോഴ്സ് യൂനിറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ അധികൃതര്‍ കഠിനശ്രമം നടത്തി. ഇതിനകം ഫര്‍ണിച്ചര്‍ശാല മുഴുവനായും കത്തിച്ചാമ്പലായിരുന്നു. 70 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി ഉടമ പറഞ്ഞു. വണ്ടൂര്‍, എടവണ്ണ, മമ്പാട് പ്രദേശങ്ങളിലായി ഒരു മാസത്തിനിടെ നാല് ഫര്‍ണിച്ചര്‍ കടകള്‍ക്കാണ് തീപിടിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.