മഞ്ചേരി നഗരസഭ: വ്യവസായ യൂനിറ്റുകളുടെ പേരില്‍ സബ്സിഡി വെട്ടിപ്പ്: പരിശോധന തുടങ്ങി

മഞ്ചേരി: ഇടതുമുന്നണി നഗരസഭ ഭരിച്ച ഘട്ടത്തില്‍ ആരംഭിച്ച ചെറുകിട വ്യവസായ യൂനിറ്റുകളുടെ പേരില്‍ വന്‍തോതില്‍ സബ്സിഡി വെട്ടിപ്പ് നടന്നെന്ന പരാതികളില്‍ മഞ്ചേരി നഗരസഭയില്‍ ലോക്കല്‍ഫണ്ട് ഓഡിറ്റിങ് വിഭാഗം പരിശോധന തുടങ്ങി. വസ്ത്ര നിര്‍മാണ യൂനിറ്റ്, വാച്ച് നിര്‍മാണ യൂനിറ്റ് തുടങ്ങി 40ഓളം സംരംഭങ്ങള്‍ സബ്സിഡി നല്‍കി തുടങ്ങിയെന്നും ഇവയുടെ ഗുണഭോക്താക്കള്‍ സബ്സിഡി വാങ്ങിയെടുക്കാന്‍ കടലാസ് സമിതികളായി നിലനിന്നെന്നുമാണ് മുസ്ലിംലീഗ്, കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ മുന്‍ നഗരസഭാ ഭരണസമിതി ആരോപിച്ചത്. സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തിന് മുതിര്‍ന്നിട്ടില്ല. മഞ്ചേരിയില്‍ ഇ.എം.എസ് ഭവന പദ്ധതിക്ക് സര്‍ക്കാറില്‍നിന്ന് ലഭിച്ച 2.67 കോടി രൂപ പലിശയില്ലാത്ത അക്കൗണ്ടില്‍ നിക്ഷേപിച്ച് ചിലര്‍ നേട്ടമുണ്ടാക്കിയെന്നാരോപിച്ച് സി.പി.എം അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. അതിനുശേഷമാണ് പഴയ സബ്സിഡി പദ്ധതികളിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി ഉയര്‍ന്നത്. ഇത്തരം ഫണ്ട് ഏത് തരം അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ളെന്ന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ രണ്ട് വര്‍ഷത്തിലേറെ നിശ്ചിത ഫണ്ട് പലിശയുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നതെങ്കില്‍ നഗരസഭക്ക് പൊതുവിഹിതമായി ലക്ഷങ്ങള്‍ ലഭിക്കുമായിരുന്നെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് ശേഷമാണ് സി.പി.എമ്മിനെതിരെ 15 വര്‍ഷം മുമ്പത്തെ സബ്സിഡി പദ്ധതികളുയര്‍ത്തി ലീഗിന്‍െറ നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി രംഗത്തുവന്നത്. പയ്യനാട് നീര്‍ത്തട പദ്ധതിയിലെ ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്നു. നഗരസഭ നല്‍കിയ പരാതികളില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങാതായതോടെയാണ് രാഷ്ട്രീയ സമ്മര്‍ദത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങിന് നടപടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.