സിറിഞ്ച് മുതല്‍ ഐ.വി സെറ്റ് വരെ പണം നല്‍കി വാങ്ങേണ്ട സ്ഥിതി

മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ നല്‍കാനുള്ള സിറിഞ്ചും ഗ്ളൂക്കോസ് കയറ്റാനുള്ള സൂചിയും വരെ തീര്‍ന്നതോടെ രോഗികള്‍ വില നല്‍കി പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയായി. പ്രതിമാസം രണ്ട് എം.എല്‍ സിറിഞ്ച് 20,000 വരെ വേണം. അഞ്ച് എം.എല്‍ സിറിഞ്ച് 7000വും 10 എം.എല്‍ 2000വും വരെ ആവശ്യമുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങളായി വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് കിടക്കുന്നവരും അത്യാഹിത വിഭാഗത്തില്‍ പരിക്കേറ്റു വരുന്നവരും ഇവ പുറത്തുനിന്ന് പണം നല്‍കി വാങ്ങുകയാണ്. ഇല്ലാത്ത മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരാറുള്ളത് പോലെ സിറിഞ്ചും ഐ.വി സെറ്റും വാങ്ങേണ്ടിവരുന്നത് രോഗികളെ വലിയതോതില്‍ കഷ്ടപ്പെടുത്തുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി ആര്‍.എസ്.ബി.വൈ ഫണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിമാസം എട്ടുലക്ഷത്തിന് മുകളില്‍ ലഭിക്കുന്നുണ്ട്. രോഗികള്‍ക്ക് സൗജന്യമായി നല്‍കേണ്ട വസ്തുക്കള്‍ പണം നല്‍കി വാങ്ങാന്‍ നിര്‍ദേശിക്കാതെ ലോക്കല്‍ പര്‍ച്ചേഴ്സ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.എന്നാല്‍, അതിന് നടപടി സ്വീകരിക്കാതെ ഇത്തരം ഫണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വിനിയോഗിക്കുകയാണ്. ലോക്കല്‍ പര്‍ച്ചേഴ്സിന് നടപടി സ്വീകരിക്കേണ്ടത് ആശുപത്രി സൂപ്രണ്ടാണ്. ഇതുവരെ രോഗികളോ സംഘടനകളോ സംഘടിതമായി ഇടപെട്ടിട്ടില്ല. രണ്ട് എം.എല്‍ സിറിഞ്ചിന് ആശുപത്രിയില്‍ തന്നെയുള്ള കാരുണ്യ ഫാര്‍മസിയില്‍ രണ്ടുരൂപയും അഞ്ച് എം.എല്‍ സിറിഞ്ചിന് മൂന്നുരൂപയും 10 എം.എല്‍ സിറിഞ്ചിന് അഞ്ച് രൂപയും വരെയാണ് വില. ഇവക്ക് ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ യഥാക്രമം ആറ്, 6.50, ഏഴ് എന്നിങ്ങനെയാണ് വില. ഉല്‍പന്നങ്ങള്‍ മാറ്റമുണ്ടെന്നാണ് പറയുന്നത്. ഗ്ളൂകോസ് കയറ്റുന്ന ട്യൂബും സിറിഞ്ചും ചേര്‍ന്ന ഐ.വി സെറ്റിന് കാരുണ്യ ഫാര്‍മസിയില്‍ ഒമ്പത് രൂപയും പുറത്ത് 20 രൂപയുമാണ് വാങ്ങുന്നത്. ഉല്‍പന്നം മാറ്റമുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ പുറത്തുനിന്നുവാങ്ങാന്‍ നിര്‍ദേശിച്ചാല്‍ സ്വകാര്യ ഫാര്‍മസിയിലേക്കാണ് രോഗികള്‍ പോവുന്നത്. കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നത് പലരും അറിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.