വള്ളിക്കുന്ന് പഞ്ചായത്തിന് മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

വള്ളിക്കുന്ന്: എന്‍.ആര്‍.ഇ.ജി.എസ് ജീവനക്കാരെ അന്യായമായി പിരിച്ചു വിടുന്നതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. എട്ടു വര്‍ഷമായി ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്ന രണ്ടു പേര്‍ക്ക് പകരം പുതിയ ആളുകളെ നിയമിച്ചിരുന്നു. നിലവില്‍ ജോലി ചെയ്യുന്നവരോട് അവധിയില്‍ പോവാന്‍ കത്ത് കല്‍കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു 100ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. പരിച്ചുവിട്ടര്‍ക്കു പകരം നിയമിച്ച ജീവനക്കാരെ തടയാന്‍ നേരത്തെ തന്നെ തൊഴിലാളികള്‍ പഞ്ചായത്തിനു മുന്നില്‍ എത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ജോലിക്കത്തെിയ ഒരു താല്‍കാലിക ജീവനകാരിയെ തിരിച്ചയക്കുകയും ചെയ്തു. 10 മണിയോടെ പഞ്ചായത്തോഫിസിലേക്ക് മാര്‍ച്ചുമായത്തെിയ തൊഴിലാളികള്‍ പഞ്ചായത്തിനു മുന്നില്‍ കുത്തിയിരുന്നു. 12 മണിയോടെ പഞ്ചായത്ത് സെക്രട്ടറിയുമായി സി.പി.എം നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. ഏറെ വൈകിയും തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്തിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പിരിച്ചുവിടാനുള്ള തീരുമാനം റദ്ദ് ചെയ്താല്‍ മാത്രമേ പരിഞ്ഞുപോകൂ എന്ന നിലപാടില്‍ തൊഴിലാളികളും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഉറച്ചു നിന്നു. മൂന്നോടെ താനൂര്‍ സി.ഐ റാഫിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്തംഗങ്ങള്‍, സി.പി.എം നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച തുടങ്ങി. മൂന്നു ദിവസത്തിനകം പഞ്ചായത്തധികൃതര്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ഓരോ പഞ്ചായത്തംഗങ്ങള്‍, സി.പി.എം നേതാക്കള്‍ എന്നിവരുമായി സി.ഐയുടെ ചേംബറില്‍ ചര്‍ച്ച വിളിച്ചുചേര്‍ക്കാമെന്ന ഉറപ്പിലാണ് നാലു മണിയോടെ സമരം അവസാനിപ്പിച്ചത്. മാര്‍ച്ച് യു. കലാനാഥന്‍ ഉദ്ഘാടനം ചെയ്തു. കായമ്പടം വേലായുധന്‍, ഇ. നരേന്ദ്രദേവ്, ടി. പ്രഭാകരന്‍, ടി.വി. രാജന്‍, പട്ടയില്‍ ബാബുരാജ്, വീനിഷ്, പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.