ജില്ലാ കലോത്സവത്തിന് നേതൃത്വം വഹിച്ച സ്കൂളില്‍ ഇനി കൊയ്ത്തുത്സവം

അരീക്കോട്: ജില്ലാ സ്കൂള്‍ കലോത്സവത്തെ ആഹ്ളാദപൂര്‍വം വരവേറ്റ ഉഗ്രപുരത്തെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇനി കൊയ്ത്തുത്സവം. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷനല്‍ സര്‍വിസ് സ്കീം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആറുമാസംമുമ്പ് നട്ട ഐശ്വര്യ വര്‍ഗത്തില്‍പെട്ട നെല്ല് കൊയ്യാന്‍ ഒരുക്കം തുടങ്ങി. സ്കൂളിലെ പാചക തൊഴിലാളിയായ ചീരാന്‍തൊടി ഖദീജയുടെ ചീക്കുളത്തെ കൃഷിയിടത്തിലെ അരയേക്കര്‍ വയലിലാണ് നെല്‍കൃഷി ചെയ്തത്. മികച്ച കര്‍ഷകനുള്ള പുരസ്കാരം നേടിയ കാവനൂരിലെ മുഹമ്മദിന്‍െറ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. അദ്ദേഹത്തിന്‍െറ തന്നെ ട്രില്ലറുപയോഗിച്ച് നിലം നിരപ്പാക്കി കൃഷി ഭവനില്‍നിന്ന് ലഭിച്ച ഐശ്വര്യ ചെറുവിത്ത് പാകി മുളപ്പിച്ച ഞാറ് നടീലും സ്കൂളിന് ഉത്സവമായിരുന്നു. ജൈവവളം മാത്രം നല്‍കി വിളയിച്ച് നെല്ലിനിടയിലെ കള പറിച്ചതും വിദ്യാര്‍ഥികളാണ്. പ്രിന്‍സിപ്പല്‍ ടി.കെ. ബീരാന്‍, അധ്യാപകരായ മുഹമ്മദലി, അനൂപ്, സന്തോഷ്, സക്കീബ് കീലത്ത് എന്നിവരുടെ നേതൃത്വത്തില്‍ 43 പെണ്‍കുട്ടികളും 57 ആണ്‍കുട്ടികളുമടങ്ങുന്ന എന്‍.എസ്.എസ് വളന്‍റിയര്‍മാരാണ് കീടങ്ങളെയൊന്നും അടുപ്പിക്കാതെ നെല്ലിനെ പരിരക്ഷിച്ചത്. സ്കൂളിലെ തണല്‍ക്കൂട്ടിന്‍െറ സഹായവും ലഭിച്ചു. വിളവെടുപ്പിന് തയാറായ നെല്ല് രണ്ടാഴ്ചക്കുള്ളില്‍ കൊയ്തെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.