മങ്കട 66 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 13ന്

മങ്കട: പാലക്കതടത്ത് നിര്‍മാണം പൂര്‍ത്തിയായ 66 കെ.വി സബ് സ്റ്റേഷന്‍ ഫെബ്രുവരി 13ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. പാലക്കതടത്തെ കുന്നിന്‍ ചെരിവില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 2011 ഡിസംബര്‍ 31നായിരുന്നു പ്രവൃത്തി ഉദ്ഘാടനം. 2011 ഡിസംബറിലാണ് ഹൈദരാബാദ് കേന്ദ്രമായ ആസ്റ്റര്‍ കമ്പനിക്ക് ഒരു വര്‍ഷ കാലാവധിയോടെ സബ്സ്റ്റേഷന്‍ പ്രവൃത്തി കരാര്‍ നല്‍കിയത്. മങ്കട, അങ്ങാടിപ്പുറം കൂട്ടിലങ്ങാടി, മക്കരപ്പറമ്പ തുടങ്ങിയ പഞ്ചായത്തുകളിലെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായേക്കാവുന്ന 66 കെ.വി സബ്സ്റ്റേഷന്‍ പണി തുടങ്ങിയിട്ട് ഇപ്പോള്‍ നാലു വര്‍ഷം തികഞ്ഞു. 2012 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ആ വര്‍ഷം തന്നെ പ്രവൃത്തി മുടങ്ങി. പിന്നീട് ഇതേ കമ്പനിക്കു തന്നെ കരാര്‍ പുതുക്കി നല്‍കുകയാണുണ്ടായത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികളും മറ്റും കാരണം പ്രവൃത്തികള്‍ വീണ്ടും നീണ്ടു പോവുകയായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനെ കുറിച്ച് ആലോചിക്കാന്‍ ജനപ്രതിനിധികള്‍ പൗരപ്രമുഖര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം 16ന് രാവിലെ 10 മണിക്ക് സബ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നടക്കുമെന്ന് ബ്ളോക് പ്രസിഡന്‍റ് ഇ. സഈദ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.