മദ്യനയത്തെ ചൊല്ലി കൊണ്ടോട്ടി കോണ്‍ഗ്രസില്‍ കലാപം

കൊണ്ടോട്ടി: സര്‍ക്കാറിന്‍െറ മദ്യനയത്തെ ചൊല്ലി കൊണ്ടോട്ടി കോണ്‍ഗ്രസില്‍ കലാപം. കഴിഞ്ഞദിവസം നടന്ന നഗരസഭാ യോഗത്തില്‍ ലീഗിലെ ഇ.എം. അബ്ദുറഷീദ് അവതരിപ്പിച്ച പ്രമേയമാണ് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിക്കുകയും നഗരസഭയിലെ വ്യാജമദ്യ-മയക്കുമരുന്ന് വില്‍പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നതായിരുന്നു പ്രമേയം. സി.പി.എമ്മിനോടൊപ്പം ഭരണം പങ്കിടുന്ന കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ സി.പി.എം എടുത്ത നിലപാടിനെ പിന്താങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിക്കുന്ന ഭാഗം ഒഴിവാക്കി ഭേദഗതിയോടെ അവതരിപ്പിക്കണമെന്ന സി.പി.ഐയിലെ അഡ്വ. കെ.കെ. സമദിന്‍െറ അഭിപ്രായത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ പ്രമേയം പാസായി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവര്‍ സര്‍ക്കാറിനെതിരെ സി.പി.എം നിലപാടിന് അനുകൂലിച്ചതിനെതിരെ നഗരസഭയിലെയും ബ്ളോക്കിലെയും നേതാക്കള്‍ രംഗത്തത്തെി. കൗണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് നേതൃത്വം. നഗരസഭയില്‍ കോണ്‍ഗ്രസ് ചുമതല യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിക്കാണ്. കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ച മദ്യനയത്തിനെ അഭിനന്ദിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിയാസ് മുക്കോളി ‘മാധ്യമ’ത്തോട് പറഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോട് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. ബ്ളോക്ക് ഭാരവാഹികളില്‍ ചിലര്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുവന്ന മദ്യനയത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സി.പി.എമ്മിനൊപ്പം നിന്നത് അണികളിലും എതിര്‍പ്പിനിടയാക്കി. പ്രശ്നം സജീവമാക്കി കോണ്‍ഗ്രസിനെ കൂടെകൂട്ടാനുള്ള തന്ത്രങ്ങളിലാണ് ലീഗ്. കോണ്‍ഗ്രസിനെ കരിവാരിതേക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തെ സുപ്രീംകോടതി വരെ ശരിവെച്ച സാഹചര്യത്തില്‍ നഗരസഭയുടെ അനുമോദനത്തിന് പ്രസക്തിയില്ളെന്നും സര്‍ക്കാറിനെ മാതൃകയാക്കി നഗരസഭയെ ലഹരി മുക്തമാക്കുകയെന്നതാണ് ഭരണസമിതിയുടെ ലക്ഷ്യമെന്നും കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.