കലാകൗമാരം നന്ദിയോതുന്നു, അരീക്കോടിന്‍െറ നന്മ മനസ്സിന്

അരീക്കോട്: 28ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കലാകൗമാരം നന്ദിയോതുന്നത് അരീക്കോടിന്‍െറ സ്നേഹവായ്പിന്. കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ അരീക്കോടിന്‍െറ മണ്ണിലേക്ക് ആദ്യമായി വിരുന്നത്തെിയ കലോത്സവമായിട്ടും പറയത്തക്ക പരാതിയും പരിഭവങ്ങളുമില്ലാതെയാണ് ഉഗ്രപുരത്തെ സ്കൂള്‍ മൈതാനം കലാവിരുന്നൂട്ടിയത്. ഞായറാഴ്ച തുടങ്ങി വ്യാഴാഴ്ച രാത്രിവരെ നീണ്ട കലോത്സവത്തില്‍ 17 ഉപജില്ലകളില്‍നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. കലാമേള ആഘോഷമാക്കി മാറ്റിയ നാട്ടുകാര്‍ കൈമെയ് മറന്ന് കര്‍മനിരതരായപ്പോള്‍ വിദ്യാര്‍ഥികള്‍ അരീക്കോടിന്‍െറ സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞു. രാത്രി വൈകിപോലും ഭക്ഷണസാധനങ്ങള്‍ മിതമായ നിരക്കില്‍ മാത്രം നല്‍കിയ കച്ചവടക്കാര്‍ മുതല്‍ സ്കൂള്‍ പരിസരം വൃത്തിയും വെടിപ്പുമായി സൂക്ഷിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ വരെ ഈ സ്നേഹച്ചങ്ങലയിലെ കണ്ണികളായി. ഏറനാട് എം.എല്‍.എ പി.കെ. ബഷീറും അരീക്കോട്ടുകാരന്‍ കൂടിയായ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ലയുമായിരുന്നു ആതിഥേയത്വത്തിന് നേതൃത്വം നല്‍കിയത്. വിശ്രമത്തിനും വേഷം മാറലിനുമായി മൈതാനത്തിന് ചുറ്റുവട്ടത്തെ വീടുകളെല്ലാം വിദ്യാര്‍ഥികള്‍ക്കായി വാതിലുകള്‍ മലക്കെ തുറന്നിട്ടു. ആവശ്യമായവര്‍ക്ക് പ്രഥമശുശ്രൂഷയടക്കം നല്‍കി സേവനസന്നദ്ധരായ അരീക്കോട് ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്.എസ്.എസ്, കീഴുപറമ്പ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും സഹായികളായി. പൊരിവെയിലും പൊടിയും വകവെക്കാതെ സ്കൗട്ട് ആന്‍ഡ് ഗൈഡ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങളും വിവിധ സംഘടനകളും മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ആയിരക്കണക്കിന് പേര്‍ക്ക് ഒരു തടസ്സവുമില്ലാതെ ഭക്ഷണം വിളമ്പിയ കമ്മിറ്റിയും വേദികളില്‍ വിശ്രമമില്ലാതെ കര്‍മനിരതരായ അധ്യാപകരും പ്രത്യേകം പ്രശംസപിടിച്ചുപറ്റി. സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയിട്ടും സാമ്പത്തിക പ്രയാസം മൂലം വിഷമവൃത്തത്തിലായ അജയ്രാജ് എന്ന നര്‍ത്തകനെ മലപ്പുറം നെഞ്ചേറ്റിയതിനും അരീക്കോട് സാക്ഷിയായി. ‘മാധ്യമം’ നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് പിറ്റേ ദിവസം 20,000 രൂപയാണ് ഈ കൊച്ചുമിടുക്കന്‍െറ ചെലവുകള്‍ക്കായി സഹൃദയ മനസ്സുകള്‍ നല്‍കിയത്. ഫുട്ബാളിനെ മാത്രമല്ല കലയെയും ഒരുപോലെ സ്നേഹിക്കുന്ന ജനതയാണ് അരീക്കോട്ടേതെന്ന് പറയാതെ പറയുകയായിരുന്നു അഞ്ചു ദിവസങ്ങളിലും കലോത്സവം കാണാന്‍ ഒഴുകിയത്തെിയവര്‍. വ്യാഴാഴ്ച രാത്രി അവസാന മത്സരവേദിയിലെ പോരാട്ടവും കഴിഞ്ഞ് ഓരോരുത്തരും വിടപറയുമ്പോള്‍ ആദ്യം അകംനിറയെ നന്ദി പറഞ്ഞതും അരീക്കോടിന്‍െറ നന്മ മനസ്സിനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.