ഒപ്പനത്താളം..

അരീക്കോട്: വേദികളുണര്‍ന്ന തിങ്കളില്‍ ഇശലൊഴുകിയ ഒപ്പനവേദിക്ക് മുന്നിലായിരുന്നു ആസ്വാദകരേറെയും. രണ്ടാംവേദിയില്‍ യു.പി വിഭാഗം ഒപ്പനയായിരുന്നു പകല്‍. പ്രധാനവേദിയില്‍ നടന്ന മാപ്പിളപ്പാട്ട് മത്സരങ്ങള്‍കൂടിയായതോടെ ഇരുസദസ്സിലും ജനത്തിരക്കായി. കലോത്സവത്തിന്‍െറ രണ്ടാംദിനം മതമൈത്രി സന്ദേശമുള്ള മത്സരയിനങ്ങള്‍ വേദികളിലും സദസ്സിലും സൗഹൃദ കൂട്ടായ്മകള്‍ തീര്‍ത്തു. ഒന്നിലും രണ്ടിലും മാപ്പിള കലകളായ മാപ്പിളപ്പാട്ട്, അറബനമുട്ട്, യുപി വിഭാഗം ഒപ്പന, വട്ടപ്പാട്ട് എന്നിവ അരങ്ങേറിയപ്പോള്‍ ക്ഷേത്രകലകളായ പാഠകം, കൂടിയാട്ടം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ചെണ്ട, തായമ്പക, പഞ്ചവാദ്യം എന്നിവ മൂന്ന്, അഞ്ച്, ആറ് വേദികളില്‍ നാട്യ താളമേള വിസ്മയങ്ങള്‍ തീര്‍ത്തു. വേദി നാലില്‍ നടന്ന ക്രൈസ്തവ കലകളായ പരിചമുട്ടുകളി, ചവിട്ടുനാടകം എന്നിവക്കും ആസ്വാദകരേറെയായിരുന്നു. ഉഗ്രപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 16 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറിയപ്പോള്‍ രചനാ മത്സരങ്ങള്‍ അരങ്ങേറിയ സുല്ലമുസ്സലാം ഓറിയന്‍റല്‍ എച്ച്.എസ്.എസില്‍ 20 വേദികളിലായി മത്സരങ്ങളും നടന്നു. നട്ടുച്ചയിലെ വെയില്‍പോലും വകവെക്കാതെ മാപ്പിളകലകള്‍ ആസ്വദിക്കാനത്തെിയ നിറഞ്ഞ സദസ്സിന് ഇശല്‍വിരുന്നായിരുന്നു കലോത്സവ നഗരി ഒരുക്കിയത്. മുന്നില്‍ മോയിന്‍കുട്ടി വൈദ്യരുടെയും ഹംസ നരേക്കാവിന്‍െറയും രചനകളാണ് മാപ്പിളപ്പാട്ട് വേദിയില്‍ ഏറെയും എത്തിയത്. ഹൈസ്കൂള്‍ വിഭാഗത്തിലെ മൂന്ന് സ്ഥാനങ്ങളും ഹയര്‍സെക്കന്‍ഡറിയിലെ ഒന്നാം സ്ഥാനം നേടിയതും ഹംസയുടെ പാട്ടുകളാണ്. ഹൈസ്കൂളിനെ അപേക്ഷിച്ച് ഹയര്‍സെക്കന്‍ഡറി വിഭാഗമാണ് മാപ്പിളപ്പാട്ടില്‍ നിലവാരം പുലര്‍ത്തിയതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപെട്ടു. വേദി രണ്ടില്‍ യു.പി വിഭാഗം ഒപ്പനയില്‍ അരങ്ങേറിയ 18 ടീമും ഒപ്പത്തിനൊപ്പം നിന്നു. കൊടിഞ്ഞി മദ്റസത്തുല്‍ അന്‍വാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് ഒപ്പനയില്‍ ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രണ്ടുവീതം സ്കൂളുകളുണ്ട്. വൈകീട്ട് പ്രധാനവേദിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്‍െറയും ഹൈസ്കൂള്‍ വിഭാഗത്തിന്‍െറയും അറബനമുട്ട് അരങ്ങേറി. ഇതേസമയം വേദി രണ്ടില്‍ ഇരു വിഭാഗത്തിന്‍െറയും വട്ടപ്പാട്ട് മത്സരവും നടന്നു. ഇരു മത്സരങ്ങളും വീക്ഷിക്കാന്‍ നിറഞ്ഞ സദസ്സായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.