മങ്കട: മങ്കടയിലേക്ക് പുതുതായി അനുവദിച്ച വാട്ടര്‍ അതോറിറ്റിയുടെ സെക്ഷന്‍ ഓഫിസ് രാമപുരത്തുള്ള മങ്കട ബ്ളോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള കെട്ടിടത്തില്‍ ആരംഭിക്കാന്‍ നടപടി ആരംഭിച്ചു. മങ്കട നിയോജക മണ്ഡലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് സെക്ഷന്‍ ഓഫിസ് അനുവദിക്കണമെന്ന് കാണിച്ച് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മങ്കടയില്‍ വാട്ടര്‍ അതോറിറ്റിയുടെ പുതിയ ഓഫിസ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ മലപ്പുറം, പെരിന്തല്‍മണ്ണ സബ്ഡിവിഷനുകള്‍ക്ക് കീഴിലാണ് മങ്കട നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ഇത് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മങ്കട നിയോജക മണ്ഡലത്തില്‍ സെക്ഷന്‍ ഓഫിസ് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മങ്കട സെക്ഷന്‍ ഓഫിസ് അനുവദിച്ചുകൊണ്ട് ഉത്തരവുവന്നത്. ഇതിനാവശ്യമായ തസ്തികകളും അനുവദിച്ചിട്ടുണ്ട്. ഓഫിസ് ആരംഭിക്കുന്നതിന് മങ്കടയില്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ സൗകര്യമൊരുക്കാനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നത്. എന്നാല്‍, ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ മങ്കട മേഖല ഫുഡ്സേഫ്റ്റി ഓഫിസ് ആരംഭിക്കുന്നതിന് വിട്ട് നല്‍കിയിരുന്നു. ആവശ്യമായ സ്റ്റാഫ് ലഭ്യമല്ലാത്തതിനാല്‍ ഫുഡ്സേഫ്റ്റി ഓഫിസ് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് മങ്കടയില്‍ തന്നെ നിലനിര്‍ത്തുന്നതിന് താല്‍ക്കാലികമായി മങ്കടയിലെ ഒരു സ്വകാര്യ കെട്ടിടത്തില്‍ പഞ്ചായത്ത് വാടകമുറി അനുവദിക്കുന്നതിനും നീക്കം നടന്നിരുന്നു. എന്നാല്‍, അതും നടപ്പാകാത്ത സാഹചര്യത്തിലാണ് രാമപുരത്തേക്ക് ഓഫിസ് മാറ്റുന്നതിനുള്ള ശ്രമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.