വര്‍ണം വിതറി

അരീക്കോട്: കേരളീയ സംസ്കാരത്തിന്‍െറ സമന്വയ രൂപവും മത സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിച്ച സാംസ്കാരിക ഘോഷയാത്ര 28ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ വിളംബരമായി. അരീക്കോടിന്‍െറ മണ്ണിലേക്ക് ആദ്യമായി വിരുന്നത്തെിയ കലോത്സവത്തിന് ആവേശത്തുടക്കമിട്ട് ഗംഭീരഘോഷയാത്രയാണ് അരങ്ങേറിയത്. കാല്‍പ്പന്തുകളിയെയും കൃഷിയെയും ഒരുപോലെ നെഞ്ചേറ്റുന്ന അരീക്കോടന്‍ പെരുമ വിളിച്ചോതുന്ന ദൃശ്യങ്ങള്‍ മികവുറ്റ കാഴ്ചയായി. പാഴ്വസ്തുക്കള്‍ കൊണ്ട് അധ്യാപകനായ പ്രശാന്ത് കൊടിയത്തൂര്‍ ഒരുക്കിയ കഥകളിയുടെ ‘പച്ച’ വേഷവും ഓണക്കാലത്തെ ഓര്‍മിപ്പിച്ചു കൊണ്ട് പുലിവേഷങ്ങളും അണിചേര്‍ന്നു. വായനയുടെ മഹത്വം വിളിച്ചോതിയ ‘മരിക്കാത്ത വായനക്ക് ജീവിച്ചിരിക്കുന്ന ഓര്‍മകള്‍’ നിശ്ചല ദൃശ്യം ഒ.വി. വിജയനും വൈക്കം മുഹമ്മദ് ബഷീറിനുമുള്ള ഓര്‍മകളായി. അരീക്കോട് ഉപജില്ലയിലെ സ്കൂളുകളാണ് ഘോഷയാത്രയില്‍ അണിചേര്‍ന്നത്. മുണ്ടമ്പ്ര ജി.എം.യു.പി സ്കൂളിലെ കൊച്ചു കൂട്ടുകാര്‍ പൂക്കളും പൂമ്പാറ്റകളുമായപ്പോള്‍ വെള്ളക്കസവുടുത്ത് പെണ്‍കുട്ടികളും അണിയിലത്തെി. വിവിധ മതസ്ഥരുടെ മൈത്രീ സംഗമവും പൊലിമയേകി. ജില്ലാ പഞ്ചായത്തിന്‍െറ കാമ്പസ് കൂട്ടായ്മ ‘തണല്‍ക്കൂട്ട്’ ലഹരിക്കെതിരെ ബോധവത്കരണ ദൃശ്യവും ഗവ. ഐ.ടി.ഐ ‘സാങ്കേതിക വിദ്യയും രാഷ്ട്ര പുരോഗതിക്ക്’ വിഷയത്തില്‍ ദൃശ്യവുമൊരുക്കി. മാപ്പിളകലകളായ കോല്‍ക്കളിയും ഒപ്പനയും ദഫ്മുട്ടും കാഴ്ചക്കാരില്‍ ഉണര്‍വേകി. ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ്, കുട്ടിപ്പൊലീസ് എന്നിവര്‍ ചിട്ടയോടെ നീങ്ങി. കൂടാതെ റോളര്‍ സ്കേറ്റിങ്ങും, സൈക്കിളുകളില്‍ വര്‍ണ ബലൂണുകള്‍ പറപ്പിച്ചും മുത്തുക്കുടകളും വര്‍ണക്കുടകളുമേന്തിയ വിദ്യാര്‍ഥിനികളും ദൃശ്യവിരുന്നൊരുക്കി. ചെണ്ടമേളയും ശിങ്കാരി മേളവും ബാന്‍ഡുമേളവും അകമ്പടിയായി. കാല്‍പ്പന്തുകളിയോടുള്ള പ്രണയം എക്കാലത്തും സൂക്ഷിക്കുന്ന അരീക്കോട്ടെ കലോത്സവത്തിന് ജഴ്സിയും ഫുട്ബാളുമേന്തിയ കുരുന്നു താരങ്ങള്‍ ഘോഷയാത്രയില്‍ കണ്ണിയായി. കലോത്സവ വേദിയിലേക്കുള്ള പാതയോരങ്ങളില്‍ ഉയര്‍ത്തിയ ബാനറുകള്‍ കലയെയും ഫുട്ബാളിനെയും ഒരുപോലെ സ്നേഹിക്കുന്ന നാടിന്‍െറ സ്വാഗതവാക്കായി. മലപ്പുറം ഡിവൈ.എസ്.പി ഷറഫുദ്ദീന്‍ പച്ചക്കൊടി കാണിച്ച ഘോഷയാത്രക്ക് പി.കെ. ബഷീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറമ്പന്‍ ലക്ഷ്മി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുല്ല എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.