സഹപാഠിക്ക് സ്നേഹക്കൂടൊരുങ്ങി

പന്തല്ലൂര്‍: സഹപാഠിയുടെ ഇല്ലായ്മയുടെ കയ്പും വേദനയും പങ്കുവെക്കാന്‍ തയാറായ ഒരു കൂട്ടം കൗമാരക്കാര്‍ നല്‍കിയത് അവര്‍ക്ക് തല ചായ്ക്കാനൊരിടം. പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായത്. പിതാവ് ഉപേക്ഷിച്ചുപോയ നാല് പെണ്‍മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിന്‍െറ അരക്ഷിതാവസ്ഥയില്‍ മനംനൊന്ത വിദ്യാര്‍ഥികള്‍ അവരുടെ രക്ഷിതാക്കളെയും പൂര്‍വ വിദ്യാര്‍ഥികളെയും പങ്കാളികളാക്കിക്കൊണ്ട് തുക സമാഹരിച്ചു. നാട്ടുകാരായ സുമനസ്സുകള്‍ മൂന്നുസെന്‍റ് ഭൂമിയും വാങ്ങി നല്‍കി. 2015 നവംബറില്‍ വീടുപണി തുടങ്ങി. ഒരു നടവഴി മാത്രമുള്ള സ്ഥലത്തേക്ക് കല്ലും മണ്ണും മണലും ചുമന്നുകൊണ്ട് ചെറുപ്പക്കാര്‍ വിയര്‍പ്പൊഴുക്കി. കല്ലും മണ്ണും മണലും സിമന്‍റും കമ്പിയും സംഭാവനയായി ലഭിച്ചു. നാലുമാസം കൊണ്ട് നന്മയുടെ ഒരധ്യായം ഹൃദിസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ സ്നേഹക്കൂടിന്‍െറ താക്കോല്‍ സഹപാഠിക്ക് നല്‍കും. തിങ്കളാഴ്ച പി. ഉബൈദുല്ല നല്‍കുന്ന താക്കോല്‍ സ്കൂള്‍ ലീഡര്‍ ആര്‍ദ്ര ഏറ്റുവാങ്ങി തങ്ങളുടെ കൂട്ടുകാരിക്ക് സമ്മാനിക്കും. അധ്യാപകരും പി.ടി.എ പ്രസിഡന്‍റും വിദ്യാര്‍ഥികളും നാട്ടുകാരും ഈ സത്കര്‍മത്തിന്‍െറ ചാരിതാര്‍ഥ്യം നുകരാനത്തെും. ഏഴര ലക്ഷം രൂപയാണ് സ്നേഹക്കൂടിന് ചെലവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.