കൊണ്ടോട്ടിയില്‍ സമ്പൂര്‍ണ ട്രാഫിക് പരിഷ്കരണം തുടങ്ങി

കൊണ്ടോട്ടി: നഗരത്തില്‍ സമ്പൂര്‍ണ ട്രാഫിക് പരിഷ്കരണം ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് പാര്‍ക്കിങ് നിരോധിച്ച മേഖലയിലെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്ത് പിഴ ഈടാക്കി. തങ്ങള്‍സ് റോഡിലെ വണ്‍വേ സംവിധാനവും കര്‍ശനമാക്കിയിട്ടുണ്ട്. ഗതാഗത തടസ്സം ഉണ്ടാക്കുന്ന കച്ചവടങ്ങളും അനുവദിക്കുന്നില്ല. സ്റ്റാന്‍ഡിന് എതിര്‍വശത്ത് മാസങ്ങള്‍ക്ക് മുമ്പേ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പിഴ ഈടാക്കിയിരുന്നില്ല. കഴിഞ്ഞ നഗരസഭ യോഗത്തില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. സ്റ്റാന്‍ഡിന് എതിര്‍വശത്തെ പാര്‍ക്കിങ് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിന് കളമൊരുക്കിയിരുന്നു. വ്യാഴാഴ്ച ഇവിടെ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ പൊലീസ് പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിഴ ചുമത്തിയതിന് ശേഷമാണ് വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തത്. ചെറുതും വലുതുമായ 25ഓളം വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച പിഴ ചുമത്തി. സ്റ്റാര്‍ ജങ്ഷന്‍ മുതല്‍ എസ്.ബി.ടിവരെയാണ് നോ പാര്‍ക്കിങ് ഏരിയ. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്ന് ട്രാഫിക് എസ്.ഐ സുനില്‍ പറഞ്ഞു. ഓട്ടോറിക്ഷാ സ്റ്റാന്‍ഡടക്കമുള്ള കാര്യത്തില്‍ കുറച്ച് ദിവസത്തിന് ശേഷം തീരുമാനമാവും. എസ്.ഐമാരായ സുനില്‍, ബാലഗംഗാധരന്‍, മുത്തുക്കോയ തങ്ങള്‍ എന്നിവരാണ് പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.