കക്കറയില്‍ നാല് മണിക്കൂര്‍ കാട്ടാനയുടെ വിളയാട്ടം

കരുവാരകുണ്ട്: കലിയിളകിയ കാട്ടാന കക്കറയില്‍ നാല് മണിക്കൂറോളം ഭീതിവിതച്ചു. വാഹനങ്ങള്‍, വീടുകള്‍ തുടങ്ങി കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ച ആന കക്കറ-തരിശ് റോഡില്‍ നിരവധി വീടുകള്‍ക്കിടയില്‍ പരക്കം പായുകയായിരുന്നു. നൂറുകണക്കിനാളുകള്‍ പിറകെ കൂടിയതോടെയാണ് ആന വിറളിപിടിച്ച് ഓടാന്‍ തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പിടിയാന കക്കറമുണ്ട കാപ്പില്‍ ബഷീര്‍, കല്‍വെട്ടുകുഴിയില്‍ ജോസ് എന്നിവരുടെ സ്ഥലം വഴി പുല്‍വെട്ട-തരിശ് റോഡിലിറങ്ങിയത്. വടക്കത്ത് ബാലന്‍െറ വീട്, കക്കൂസ് എന്നിവ തകര്‍ത്ത ആന പൂവത്തിങ്കല്‍ സുകുമാരന്‍െറ വീട്, മോട്ടോര്‍ പമ്പ് എന്നിവയും കണക്കന്‍തൊടിക ആയിഷയുടെ വീട്, കണക്കന്‍തൊടിക നബീസയുടെ കക്കൂസ് എന്നിവയും ഭാഗികമായി തകര്‍ത്തു. ജനം പിറകെ കൂടിയതോടെ വിറളിയെടുത്ത ആന റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തരിശ്ശിലെ വാലയില്‍ യാസിറിന്‍െറ ആള്‍ട്ടോ കാര്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. നാല് ബൈക്കുകളും തകര്‍ത്തു. പിന്നീട് പുഴയിലിറങ്ങി കുളിച്ച ആന വീണ്ടും റോഡിലിറങ്ങി. പൊലീസും വനം വകുപ്പധികൃതരും ചേര്‍ന്ന് റബര്‍ ബുള്ളറ്റുപയോഗിച്ച് കണ്ണമ്പള്ളി എസ്റ്റേറ്റ് വഴി കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും ജനം ബഹളമുണ്ടാക്കിയതോടെ വീണ്ടും തിരിച്ചിറങ്ങി. വനംവകുപ്പിന്‍െറ വാഹനം മറിച്ചിട്ട് കുണ്ടോട ഭാഗത്തേക്ക് ഓടിയ ആന കൂത്തുപറമ്പില്‍ അബൂബക്കറിന്‍െറ കടയുടെ ഷട്ടറും തകര്‍ത്തു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കൂരിക്കാടന്‍ സിദ്ദീഖിന്‍െറ ജലസംഭരണിയും നശിപ്പിച്ചു. കാര്‍ഷിക വിളകളും നശിപ്പിച്ചു. ഏഴോടെ തരിശ് കുണ്ടോട എസ്റ്റേറ്റ് വഴി ആന കാട്ടിലേക്ക് കയറിയെങ്കിലും ഭീതിയോടെയാണ് ജനം വീടുകളിലിരിക്കുന്നത്. കരുവാരകുണ്ട് പൊലീസ്, നിലമ്പൂരില്‍ നിന്നത്തെിയ ദ്രുതകര്‍മസേന, കരുവാരകുണ്ട് ഫോറസ്റ്റ് അധികൃതര്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെയണ് ആനയെ തുരത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.