ഹാര്‍ബര്‍: വാദം 23ലേക്ക് മാറ്റി; തറക്കല്ലിടാന്‍ തടസ്സമില്ല

പരപ്പനങ്ങാടി: നിര്‍ദിഷ്ട ഹാര്‍ബറിന്‍െറ സ്ഥല നിര്‍ണയത്തിലെ സാധുതയെ ചോദ്യം ചെയ്ത് ഹാര്‍ബര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ പുളിക്കലകത്ത് സെയ്തലവി ഹാജി ഹൈകോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിന്മേല്‍ വാദം കേള്‍ക്കല്‍ ഫെബ്രുവരി 23ലേക്ക് മാറ്റി. ഇതോടെ നേരത്തേ മണ്ഡലം ജനപ്രതിനിധിയായ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ച വിധം ഹാര്‍ബറിന് 13ന് ചാപ്പപ്പടിക്കുപുറത്ത് മുഖ്യമന്ത്രി തറക്കല്ലിടാനുള്ള സാധ്യത തെളിഞ്ഞു. സാങ്കേതിക പഠന സംഘം നേരത്തേ ചൂണ്ടിക്കാട്ടിയ നിര്‍ദേശം മറികടന്നും ഘടനാമാറ്റത്തിന് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊള്ളാതെയും ഭരണാനുമതി ഇല്ലാതെയും ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് ചാപ്പപ്പടിയില്‍ തറക്കല്ലിടല്‍ നടക്കാന്‍പോകുന്നതെന്ന പരാതിയുമായാണ് ഹാര്‍ബര്‍ സംരക്ഷണ സമിതി സര്‍ക്കാറിനെതിരെ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാറിന്‍െറ വിശദീകരണം കേള്‍ക്കാനും കേസില്‍ കക്ഷി ചേര്‍ന്ന മത്സ്യത്തൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ എന്നിവരുടെ പക്ഷം കേള്‍ക്കാനുമാണ് കേസ് മാറ്റിയതെന്ന് സര്‍ക്കാര്‍ പ്ളീഡര്‍ അഡ്വ. കെ.കെ. സെയ്തലവി ‘മാധ്യമ’ത്തോട് പറഞ്ഞു. തറക്കല്ലിടുന്നതടക്കമുള്ള സര്‍ക്കാറിന്‍െറ തീരുമാനങ്ങളില്‍ കോടതി ഇടപെടാറില്ളെന്നും അതുകൊണ്ടുതന്നെ നേരത്തേ നിശ്ചയിച്ച വിധം ചാപ്പപ്പടിയില്‍ ഹാര്‍ബറിന് തറക്കല്ലിടുന്നതിന് ഒരു തടസ്സവുമില്ളെന്നും അദ്ദേഹം വിശദമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.