മലപ്പുറം നഗരത്തിലെ കാല്‍നടയാത്രാ സൗകര്യം പരിമിതമെന്ന് പഠന റിപ്പോര്‍ട്ട്

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ റോഡുകള്‍ മികച്ചവയെങ്കിലും കാല്‍നടയാത്രാ സൗകര്യം പരിമിതമാണെന്ന് പഠന റിപ്പോര്‍ട്ട്. 45 ശതമാനം പേരും ഹ്രസ്വദൂര യാത്രകള്‍ക്ക് കാല്‍നടയെയാണ് ആശ്രയിക്കുന്നതെന്നും തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇസാഫ്’ നടത്തിയ അവസ്ഥാ വിശകലനത്തില്‍ കണ്ടത്തെി. റിപ്പോര്‍ട്ടിന്‍െറ പ്രകാശനവും വികസന സെമിനാര്‍ ഉദ്ഘാടനവും നഗരസഭാ സമ്മേളന ഹാളില്‍ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ദ് നിര്‍വഹിച്ചു. പഠനവിധേയമാക്കിയ 60 ശതമാനം സ്ഥലങ്ങളിലും സീബ്രാ വരകളുണ്ട്. എന്നാല്‍, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. 74 ശതമാനം നടപ്പാതകളും ഉപയോഗപ്രദമല്ല. ഇവയുടെ വീതിക്കുറവ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നു. 43 ശതമാനം പ്രദേശങ്ങളില്‍ അനധികൃത പാര്‍ക്കിങ്ങുമുണ്ട്. ചവറ്റുകുട്ടകളില്ലാത്തത് മൂലം നടപ്പാതകളില്‍ വര്‍ധിച്ച തോതില്‍ മാലിന്യവും കണ്ടുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും അനുയോജ്യമായ രീതിയില്‍ നടപ്പാതകള്‍ പുനര്‍നിര്‍മിക്കുക, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ വീതി കൂട്ടുക, തടസ്സങ്ങള്‍ നീക്കുക, പൊതുശൗചാലയങ്ങളും ഇരിപ്പിടങ്ങളും ചവറ്റുകുട്ടകളും സ്ഥാപിക്കുക, തണല്‍ ഉറപ്പാക്കുക, ഗതാഗത നിയന്ത്രണ ഉപാധികള്‍ സ്ഥാപിക്കുക, പരസ്യബോര്‍ഡുകളും ബാനറുകളും മൂലമുള്ള ദൃശ്യമലിനീകരണം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. യോഗത്തില്‍ വികസന സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ഷരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.എ. അബ്ദുല്‍ സലീം എന്ന ബാപ്പുട്ടി, റജീന ഹുസൈന്‍, കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, ഡി.ടി.പി.സി സെക്രട്ടറി ഉമ്മര്‍കോയ, ഇസാഫ് പ്രോഗ്രാം ഓഫിസര്‍ എം.പി. ജോര്‍ജ്, ഇസാഫ് ഡയറക്ടര്‍ ജേക്കബ് മാനുവല്‍, ഹെല്‍ത്ത് ബ്രിജ് റീജനല്‍ മാനേജര്‍ ഫീബ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.