ഒരാളെ കാണുമ്പോള്‍ ഇപ്പോള്‍ ആദ്യം ചോദിക്കുന്നത് മതം –രാം പുനിയാനി

മലപ്പുറം: ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ച് അവതരിപ്പിച്ച് വര്‍ഗീയതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുകയാണ് ആര്‍.എസ്.എസും മറ്റ് ഹിന്ദുത്വ ശക്തികളുമെന്ന് പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. രാം പുനിയാനി. ഇപ്പോള്‍ ഒരാളെ കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് പേരല്ല, മതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ദേശീയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാം പുനിയാനി. തികഞ്ഞ മതേതരവാദിയായിരുന്ന ടിപ്പു സുല്‍ത്താനെ ഹിന്ദുവിരുദ്ധനായി ചിത്രീകരിച്ചു. മുസ്ലിം രാജാക്കന്മാര്‍ കുതിരപ്പുറത്തത്തെി ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ വാളും പിടിച്ച് യുദ്ധം ചെയ്താണ് മതം വളര്‍ത്തിയതെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പുരാതന ഇന്ത്യയില്‍ തല മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നെന്ന് ശാസ്ത്രീയ തെളിവിന്‍െറ പിന്‍ബലമില്ലാതെ പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം വിശ്വാസങ്ങള്‍ സര്‍വകലാശാലകള്‍ വഴി വിദ്യാര്‍ഥികളില്‍ കുത്തിവെക്കാനാണ് ശ്രമം. പുരാതന കാലത്ത് ബ്രാഹ്മണര്‍ ബീഫ് കഴിച്ചിരുന്നു. എന്നാല്‍, അടുക്കളയില്‍ കയറി എന്താണ് കഴിക്കുന്നതെന്ന് ചൂഴ്ന്നന്വേഷിക്കുകയാണ് ഇപ്പോഴെന്നും രാം പുനിയാനി കൂട്ടിച്ചേര്‍ത്തു. ഡോ. കെ.കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തകരായ പാലക്കീഴ് നാരായണനെയും സി. വാസുദേവനെയും പി. ഉബൈദുല്ല എം.എല്‍.എ ആദരിച്ചു. മലപ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ദ്, അഡ്വ. കെ. മോഹന്‍ദാസ്, എ.പി അഹമ്മദ്, കീഴാറ്റൂര്‍ അനിയന്‍, കെ.വി രമണന്‍, കെ. പത്മനാഭന്‍, ഡോ. കെ. ഗോപാലന്‍കുട്ടി, സി. ജയപ്രസാദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. എന്‍. പ്രമോദ് ദാസ് സ്വാഗതവും കെ.വി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.