നിലമ്പൂരിലെ ബൈപാസ് റോഡ്: മന്ത്രി ആര്യാടന്‍ കോടികളുടെ നഷ്ടം വരുത്തിയെന്ന് സി.പി.എം

നിലമ്പൂര്‍: ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ 1998ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച നിലമ്പൂരിലെ ബൈപാസ് റോഡിന്‍െറ നിര്‍മാണം അനന്തമായി നീട്ടിക്കൊണ്ടുപോയി മന്ത്രി ആര്യാടന്‍ മുഹമ്മദ് സര്‍ക്കാറിന് കോടികള്‍ നഷ്ടം വരുത്തിയതായി സി.പി.എം. ഇതിന് മന്ത്രി നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സി.പി.എം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 1998ല്‍ നിലമ്പൂര്‍ പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുപക്ഷമാണ് ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് 16 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍, റോഡിന്‍െറ വീതിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാക്കി അന്നത്തെ സ്ഥലം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദ് കുടുംബങ്ങളെ കൂട്ടുപിടിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. 2010ലും 2011ലും ചീഫ് സെക്രട്ടറിക്കും പൊതുമരാമത്ത് മന്ത്രി എം. വിജയകുമാറിനും ആര്യാടന്‍ മുഹമ്മദ് കത്തയച്ചു. എന്‍െറ മണ്ഡലത്തിലൂടെ കടന്നുപോവുന്ന സംസ്ഥാനപാതക്ക് 11 മീറ്ററിന് താഴെ വീതിയാണുള്ളതെന്നും അതുകൊണ്ട് ബൈപാസ് റോഡിനും അത്ര വീതി മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെ ബൈപാസ് റോഡിന്‍െറ നിര്‍മാണം അനന്തമായി നീണ്ടു. ഇപ്പോള്‍ ബൈപാസ് റോഡ് നിര്‍മാണത്തിന് 36 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. അന്ന് സെന്‍റിന് 2000 രൂപയുണ്ടായിരുന്ന ഭൂമിക്ക് ഇന്ന് രണ്ട് ലക്ഷം രൂപ വരെ മൂല്യം വന്നു. സര്‍ക്കാറിന് ആര്യാടന്‍ വരുത്തി വെച്ചത് 20 കോടി രൂപയുടെ അധിക ബാധ്യതയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഷ്ട്രീയ ലാഭം മാത്രം കണ്ടാണ് ബൈപാസ് നിര്‍മാണം തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഇതുവരെ സാധ്യമാക്കിയിട്ടില്ളെന്നും സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.