പുതിയ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളോട് മുഖംതിരിഞ്ഞ് മഞ്ചേരി നഗരസഭ

മഞ്ചേരി: പഞ്ചായത്തുകളും നഗരസഭകളും പുതിയ വര്‍ഷത്തെ പദ്ധതി തയാറാക്കും മുമ്പ് അയല്‍സഭകളും വാര്‍ഡ് വികസന സമിതികളും വര്‍ക്കിങ് ഗ്രൂപ് രൂപവത്കരിക്കലും അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുമ്പോള്‍ മഞ്ചേരി നഗരസഭ ഇവയോട് താല്‍പര്യമില്ലാതെ മുഖംതിരിഞ്ഞ് നില്‍ക്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഡിസംബര്‍ 23ന് നടത്തിയ പരിശീലനത്തില്‍ അയല്‍സഭകള്‍ രൂപവത്കരിച്ച് പ്രത്യേക ഫോറത്തില്‍ വിവരം രേഖപ്പെടുത്തി കിലയുടെ അടുത്ത പരിശീലനത്തില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. 100 കുടുംബങ്ങളുള്ള ഭാഗം ചേര്‍ത്ത് ഒരു അയല്‍സഭ എന്നതോതില്‍ വാര്‍ഡില്‍ നാലില്‍ കുറയാതെ സാധ്യമാവുന്നത്ര അയല്‍സഭ, അതില്‍നിന്ന് രണ്ടുപേരെ വീതം ചേര്‍ത്ത് 25 അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന വാര്‍ഡ് വികസന സമിതി രൂപവത്കരിക്കണം. അതില്‍നിന്ന് 13 പേരെ വര്‍ക്കിങ് ഗ്രൂപ്പിലേക്ക് പദ്ധതിയുടെ കരട് തയാറാക്കാന്‍ തെരഞ്ഞെടുക്കല്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങളുടെ സെമിനാറില്‍ 13 ഗ്രൂപ്പുകളായി തിരിഞ്ഞ് കരടുണ്ടാക്കല്‍, അത് വീണ്ടും വാര്‍ഡ്സഭ, ഗ്രാമസഭയിലേക്ക് നല്‍കി ചര്‍ച്ച നടത്തി ഭേദഗതികളോടെ തിരിച്ചുവാങ്ങല്‍, ഇത് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് വീണ്ടും വാര്‍ഡ് വികസന സമിതിയിലേക്ക് നല്‍കല്‍ തുടങ്ങി സുതാര്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന നടപടിക്രമങ്ങളാണ് 12ാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഞ്ചേരി നഗരസഭയില്‍ കിലയുടെ പരിശീലനത്തില്‍ പങ്കെടുത്ത ഇടത് അംഗങ്ങള്‍ മിക്കവരും വാര്‍ഡില്‍ അയല്‍സഭകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ ഇതിന് ഒരു ശ്രമവും നടത്തിയിട്ടില്ല. പതിവുപോലെ പങ്കാളിത്തമില്ലാതെ ഏതാനും പേര്‍ കൂടിയിരുന്ന് തയാറാക്കുന്ന പദ്ധതികള്‍ ഭൂരിപക്ഷ കൗണ്‍സിലില്‍വെച്ച് സാങ്കേതികമായി അംഗീകാരം വാങ്ങുന്നതിനെക്കുറിച്ചാണ് ഇപ്പോഴും ആലോചന. അതിന്‍െറ ഭാഗമായി ജനപ്രതിനിധികളല്ലാത്തവരുടെ കൂട്ടായ്മയില്‍ ആദ്യമേ കരട് പദ്ധതി രൂപപ്പെടുത്തുകയാണ്. വര്‍ക്കിങ് ഗ്രൂപ് അംഗങ്ങളുടെ സെമിനാറില്‍ കരട് പദ്ധതികള്‍ തയാറാക്കി ചര്‍ച്ച ചെയ്യാന്‍ രണ്ടാമത് ഗ്രാമസഭ വിളിക്കാന്‍ തീയതി വരെ ചില പഞ്ചായത്തുകള്‍ നിശ്ചയിച്ചപ്പോഴാണ് മഞ്ചേരിയില്‍ പങ്കാളിത്തമില്ലാത്ത പദ്ധതി പ്രവര്‍ത്തനം നടത്തുന്നത്. അതേസമയം, അയല്‍സഭകളും വാര്‍ഡ് വികസന സമിതിയും രൂപവത്കരിക്കാന്‍ സമയനിഷ്ഠ പറഞ്ഞിട്ടില്ളെന്നും മഞ്ചേരിയില്‍ പദ്ധതികള്‍ തയാറാക്കുന്ന ആലോചനകള്‍ തുടങ്ങിയെന്നും നഗരസഭാ അധ്യക്ഷ വി.എം. സുബൈദ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭാ അധ്യക്ഷരും പങ്കെടുത്ത യോഗത്തിലാണ് ഈ മാസാവസാനത്തിന് മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കുന്നതും ഇതിനിടയില്‍ പൂര്‍ത്തിയാക്കണമെന്ന് അധ്യക്ഷ പറഞ്ഞു. അതേസമയം, പദ്ധതിപ്രവര്‍ത്തനം സുതാര്യമാവണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമയത്തിന് നടപ്പാക്കണമെന്നും അയല്‍സഭകളും വാര്‍ഡ് വികസന സമിതിയും അതില്‍നിന്ന് വര്‍ക്കിങ് ഗ്രൂപ് അംഗങ്ങളെ തെരഞ്ഞെടുക്കലും പദ്ധതിപ്രവര്‍ത്തനത്തിന്‍െറ ഭാഗമാണെന്നും നഗരസഭാ അംഗം ആയിശ കാരാട് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തേണ്ടതാണ് പദ്ധതികളെന്നും പങ്കാളിത്തമില്ളെങ്കില്‍ അതുകൊണ്ടു ഗുണമില്ളെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.