ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

മലപ്പുറം: ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം ഓഫിസര്‍മാരുടെ യോഗം തീരുമാനിച്ചു. ഫ്ലാവി വൈറസ് വിഭാഗത്തില്‍പ്പെടുന്ന രോഗാണുവാണ് ഇതുണ്ടാക്കുന്നത്. ഈഡിസ് കൊതുകുകള്‍ ആണ് പ്രധാനമായും രോഗകാരികള്‍. മുതിര്‍ന്നവര്‍ക്ക് ബാധിച്ചാല്‍ 85 ശതമാനവും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ മാറും. പനി, ശരീരത്തില്‍ തടിപ്പുകള്‍, കണ്ണുകള്‍ക്ക് ചുവപ്പുനിറം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ഗര്‍ഭത്തിന്‍െറ ആദ്യ മൂന്ന് മാസങ്ങളില്‍ അമ്മമാര്‍ക്ക് രോഗം ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് തല ചെറുതാകുന്ന അവസ്ഥ ഉണ്ടാകും. പ്രതിരോധ നടപടികളില്‍ ഏറ്റവും പ്രധാനം കൊതുക് നിര്‍മാര്‍ജനമാണ്. വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക, ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക, കൊതുകു കടി ഏല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ അടിയന്തിരമായി ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. രോഗബാധയുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.