അപകടം മണക്കുന്ന കാളമ്പാടി ജങ്ഷന്‍

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മലപ്പുറം എം.എസ്.പിക്ക് സമീപത്തെ കാളമ്പാടി റോഡ് ജങ്ഷന്‍ അപകടമേഖലയായി. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ബുധനാഴ്ച രാവിലെ 10.45ഓടെ നടന്ന ഉപരോധം മൂലം 20 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് സമരക്കാരെ പൊലീസ് റോഡില്‍നിന്ന് നീക്കി ഗതാഗതം പുന$സ്ഥാപിച്ചു. ദേശീയപാതയില്‍ വീതികുറഞ്ഞ കാളമ്പാടി റോഡ് ജങ്ഷനില്‍ അപകടം തുടര്‍ക്കഥയാണ്. ചെറുതും വലുതുമായി 50ലേറെ അപകടങ്ങളാണ് ഇവിടെ അടുത്തകാലത്ത് സംഭവിച്ചത്. മുമ്പ്, കാറപകടത്തില്‍ രണ്ട് പൊലീസുകാരടക്കം മരിച്ചിരുന്നു. ബൈക്കപകടങ്ങളാണ് കൂടുതലും. കാളമ്പാടി റോഡില്‍നിന്ന് കയറി വരുന്ന വാഹനങ്ങള്‍ക്ക് ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാനാകാത്തതും ഈ മേഖലയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ കുതിച്ചുപായുന്നതുമാണ് അപകടത്തിനിടയാക്കുന്നത്. പ്രധാനറോഡില്‍നിന്ന് ഇടറോഡിലേക്ക് കയറാന്‍ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെടുന്നുമുണ്ട്. സമീപത്തായി സ്ഥിതിചെയ്യുന്ന സ്കൂളുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ പോകുന്നതും ഈ ഇടുങ്ങിയ ജങ്ഷനിലൂടെയാണ്. എം.എസ്.പി എല്‍.പി സ്കൂള്‍, എം.എസ്.പി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എം.എസ്.പി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ ഇതുവഴിയാണ് കാല്‍നടയായി പോകുന്നത്. ഒരു വശത്ത് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഓഫിസിനോട് ചേര്‍ന്ന ജീര്‍ണിച്ച കെട്ടിടവും മറുവശത്ത് എം.എസ്.പി ക്യാമ്പുമാണുള്ളത്. ഇരുവശത്തും സര്‍ക്കാര്‍ ഭൂമിയായിട്ടും ജങ്ഷന്‍ വീതികൂട്ടാനോ സിഗ്നലുകളോ ഹമ്പോ സ്ഥാപിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. ഇതിനുപുറമെയാണ് ജങ്ഷനില്‍ നെയിംബോര്‍ഡും ടെലിഫോണ്‍ പോസ്റ്റും വൈദ്യുതി പോസ്റ്റും വഴിമുടക്കിയായി നില്‍ക്കുന്നത്. പ്രദേശത്തെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹാരമാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി, ജില്ലാ പൊലീസ് മേധാവി, ആര്‍.ടി.ഒ, ട്രാഫിക് പൊലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഡി.വൈ.എഫ്.ഐ കാളമ്പാടി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നടന്ന സമരത്തിന് നഗരസഭാ കൗണ്‍സിലര്‍ മിര്‍ഷാദ് ഇബ്രാഹിം, ഇല്യാസ്, സാഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.