സസന്തോഷം മലപ്പുറം നയിക്കും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ കേരള സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലക്ക് ഇരട്ടി സന്തോഷം. മലപ്പുറത്തുകാരായ പി. ഉസ്മാനും ഫിറോസ് കളത്തിങ്ങലുമാണ് യഥാക്രമം ടീമിന്‍െറ നായകനും ഉപനായകനും. ഇതാദ്യമായി അണ്ടര്‍ 21 വിഭാഗത്തിന്‍െറ പ്രതിനിധികളെ ഉള്‍പ്പെടുത്തിയപ്പോള്‍ ജില്ലയില്‍നിന്ന് രണ്ടുപേര്‍ കൂടി ഇടം നേടി -ജിഷ്ണു ബാലകൃഷ്ണനും അസ്ഹറുദ്ദീനും. അഞ്ചാം തവണയാണ് ഉസ്മാന്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി പന്ത് തട്ടാനിറങ്ങുന്നത്. നാല് പ്രാവശ്യവും മുന്നേറ്റനിരയിലെ തുറുപ്പുചീട്ടായിരുന്നു എസ്.ബി.ടി ടീമംഗമായ ഉസ്മാന്‍. പരിക്ക് കാരണം വിശ്രമത്തിലായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം അവസരം ലഭിച്ചില്ല. ടീമിലേക്കുള്ള മടക്കം പുതിയ നിയോഗത്തോടെയാണെന്നത് വലിയ ആഹ്ളാദം നല്‍കുന്നതായി ഉസ്മാന്‍ പറയുന്നു. താനൂര്‍ കണ്ണന്തളിയിലെ പരേതനായ പനവത്തില്‍ കോയയുടെയും സൈനബയുടെയും മകനാണ്. സ്ട്രൈക്കറായ ഫിറോസിനും ഇത് അഞ്ചാമൂഴമാണ്. ചെറിയ ഇടവേളക്ക് ശേഷം, സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടെ ഉജ്ജ്വല പ്രകടനം നടത്തി കഴിഞ്ഞ തവണ ടീമില്‍ തിരിച്ചത്തെുകയായിരുന്നു. അഞ്ച് വര്‍ഷമായി കേരള പൊലീസിന് വേണ്ടി കളിക്കുന്നു. മഞ്ചേരി കളത്തിങ്ങല്‍ കുഞ്ഞിമുഹമ്മദ്-സുബൈദ ദമ്പതികളുടെ മകനാണ്. സുമയ്യയാണ് ഭാര്യ. മക്കള്‍: റിച്ചു, റിനു. അരീക്കോട് സുല്ലമുസ്സലാം കോളജ് വിദ്യാര്‍ഥിയായ അസ്ഹറുദ്ദീന്‍ മിഡ്ഫീല്‍ഡറാണ്. അരീക്കോട് താഴത്തങ്ങാടിയിലെ പുല്‍പ്പറമ്പന്‍ മുഹമ്മദലിയും മെഹറുന്നീസയുമാണ് മാതാപിതാക്കള്‍. പുതുതലമുറയിലെ ശ്രദ്ധേയനായ താരമാണ് മധ്യനിരയില്‍ കളിക്കുന്ന ജിഷ്ണു. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി സുബ്രതോ കപ്പ് ടൂര്‍ണമെന്‍റിനിറങ്ങി. മലപ്പുറം കോട്ടപ്പടിയില്‍ കെ. ഷാജിറുദ്ദീന്‍ നേതൃത്വം നല്‍കിയ വിഷന്‍ ഇന്ത്യ ക്യാമ്പിലായിരുന്നു തുടക്കം. മഞ്ചേരി എന്‍.എസ്.എസ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീം അംഗമാണ്. എം.എസ്.പിയിലായിരിക്കെ രണ്ട് വര്‍ഷം മുമ്പ് അര്‍ജന്‍റീനയില്‍ പരിശീലനത്തിന് പോയിരുന്നു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ കാവുങ്ങല്‍ ബാലകൃഷ്ണന്‍െറയും രതിയുടെയും മകനാണ് ജിഷ്ണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.