വണ്ടൂര്‍ ബ്ളോക്ക് സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതികള്‍ക്ക് ജാമ്യം

വണ്ടൂര്‍: ബ്ളോക്ക് പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ബ്ളോക്ക് പഞ്ചായത്തിലെ അറ്റന്‍ഡറായിരുന്ന വണ്ടൂര്‍ വെള്ളാമ്പുറം സ്വദേശി മുസ്ലിയാരകത്ത് അലിഹസന്‍, കൂട്ടുപ്രതിയും കമ്പ്യൂട്ടര്‍ സെന്‍റര്‍ ഉടമയുമായ പോരൂര്‍ വീതനശ്ശേരി പോക്കാവില്‍ അബ്ദുല്‍സത്താര്‍ എന്നിവര്‍ക്കാണ് മഞ്ചേരി ജില്ല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ട്, തുല്യ തുകക്കുള്ള രണ്ട് ജാമ്യക്കാരുടെ ബോണ്ട് എന്നിവയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഉപാധിയുണ്ട്. ഓഫിസ് അറ്റന്‍ഡര്‍ ആയിരുന്ന അലിഹസന്‍ ബ്ളോക്ക് പഞ്ചായത്തിന്‍െറ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2011 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പല തവണകളായാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ യഥാസമയങ്ങളില്‍ വ്യാജ ബാങ്ക് രേഖകളാണ് പ്രതി ഓഫിസില്‍ സമര്‍പ്പിച്ചിരുന്നത്. അലിഹസന് വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കിയതിനാലാണ് വണ്ടൂരിലെ കമ്പ്യൂട്ടര്‍ സെന്‍റര്‍ ഉടമകൂടിയായ അബ്ദുല്‍സത്താര്‍ അറസ്റ്റിലായത്. കേസ് വിജിലന്‍സ് അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ വിജിലന്‍സ് കേസ് ഏറ്റെടുത്തിട്ടില്ല. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ സി.ടി. ബഷീര്‍, എസ്. ബിജു, പി.കെ. അബ്ദുല്‍ നാസര്‍ എന്നിവരാണ് ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.