വാഹനാപകടം: ബസ് ഡ്രൈവര്‍ക്ക് പകരം മറ്റൊരാള്‍ ജാമ്യമെടുത്തതായി ആരോപണം

കോട്ടക്കല്‍: അപകടം വരുത്തിയ ബസിലെ ഡ്രൈവറെ രക്ഷിക്കാന്‍ പകരം മറ്റൊരാളെ നിര്‍ത്തി ജാമ്യമെടുത്തതും ജാമ്യം നല്‍കിയതും വിവാദമാകുന്നു. ആള്‍മാറാട്ടം നടത്തിയതിനു പിന്നില്‍ പൊലീസിലെ ഒരു വിഭാഗത്തിന്‍െറ സഹായമുണ്ടെന്നാണ് സൂചന. കോട്ടക്കല്‍ സ്റ്റേഷനിലാണ് സംഭവം. ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാലത്തറയില്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനും അധ്യാപകനുമായ പ്രജിത്കുമാര്‍ മരിച്ചിരുന്നു. തുടര്‍ന്ന്, അപകടം വരുത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിലെ ഡ്രൈവര്‍ക്കെതിരെ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇതിനിടയിലാണ് കേസില്‍ കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട് സ്വദേശി അഫ്സല്‍ (31) സ്റ്റേഷനില്‍ ഹാജരായത്. ഇയാള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. മന$പൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു കേസ്. എന്നാല്‍, അന്ന് വാഹനമോടിച്ചിരുന്നത് കോഴിക്കോട് സ്വദേശിയായ ഡ്രൈവറായിരുന്നു. ഇത് പൊലീസിനും കൃത്യമായി അറിയാമായിരുന്നു. സംഭവം നേരില്‍ കണ്ടവരും ചങ്കുവെട്ടിയിലെ സ്വകാര്യ ബസുകളുടെ സമയം നോക്കുന്ന തൊഴിലാളികളും പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇയാളെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ പൊലീസും ബസുടമയും കൂട്ടുനിന്നുവെന്നാണ് സൂചന. ബസുടമ ഹാജരാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയോടുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. സമീപത്തെ ക്വാര്‍ട്ടേഴ്സിലും ആശുപത്രി പരിസരത്തുമായിരുന്നു ജനക്കൂട്ടത്തെ ഭയന്ന് ഡ്രൈവറും കണ്ടക്ടറും ഒളിച്ചത്. മറ്റൊരു ഡ്രൈവറെ നിര്‍ത്തി ജാമ്യമെടുത്തതിന് പിന്നില്‍ മറ്റെന്തൊക്കെയോ ലക്ഷ്യം ഉണ്ടെന്നാണ് സൂചന. മാസങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരപകടവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്നും അതാണ് ഹാജരാകാത്തതെന്നും ആരോപണമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.