ക്വാറിക്ക് അനുമതി: പഞ്ചായത്ത് യോഗത്തില്‍നിന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

ഊര്‍ങ്ങാട്ടിരി: കാട്ട്യാടിപ്പൊയിലില്‍ പുതിയ പാറ ഖനനത്തിന് അനുമതി നല്‍കിയതിനെതിരെ നല്‍കിയ വിയോജന കുറിപ്പ് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗങ്ങള്‍ ബോര്‍ഡ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തെഞ്ചേരിയിലെ കെ.കെ. ഉബൈദുല്ല, പാവണ്ണയിലെ റസീന, കല്ലരട്ടിക്കലിലെ എം.പി. മിര്‍ഷാദ് എന്നിവരാണ് ഹരിത കേരളം പദ്ധതി ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത ഗ്രാമപഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. എഴുതി നല്‍കിയ വിയോജനക്കുറിപ്പ് മിനിറ്റ്സില്‍ രേഖപ്പെടുത്താന്‍ പ്രസിഡന്‍റ് സമ്മതിച്ചില്ളെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെക്കുന്നു മല സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും എതിര്‍പ്പ് വകവെക്കാതെയാണ് അനുമതി നല്‍കിയതെന്നും ഇതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും തീരുമാനം ഉണ്ടാകുന്നതുവരെ യോഗ നടപടികളുമായി സഹകരിക്കുകയില്ളെന്നും അംഗങ്ങള്‍ അറിയിച്ചു. അതേസമയം, നവംബര്‍ 16ന് ചേര്‍ന്ന യോഗത്തില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് വക്കീലുമായി ആലോചിച്ചു ചെയ്യാമെന്ന തീരുമാനമെടുത്തപ്പോള്‍ ഏഴ് യു.ഡി.എഫ് അംഗങ്ങളും അനുകൂലിച്ചതായി പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി പറഞ്ഞു. തുടര്‍ന്ന് 21ന് ചേര്‍ന്ന യോഗത്തിലും ഓരോ അംഗങ്ങളും പ്രമേയത്തെക്കുറിച്ച് പറഞ്ഞത് മിനിറ്റ്സില്‍ രേഖപ്പെടുത്തി. ഹൈകോടതി ഉത്തരവ് നടപ്പാക്കിയില്ളെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് വരുമെന്നതിനാല്‍ ഐകകണ്ഠ്യേന അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങി അവര്‍ വിയോജനക്കുറിപ്പു നല്‍കാന്‍ തയാറാവുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നടന്ന യോഗത്തില്‍നിന്ന് യു.ഡി.എഫിലെ മൂന്നുപേര്‍ മാത്രമേ ഇറങ്ങിപ്പോയിട്ടുള്ളൂവെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.