വാഹന പരിശോധന നിലച്ചു: സ്വകാര്യ ബസുകള്‍ മരണപ്പാച്ചിലില്‍

കോട്ടക്കല്‍: കാല്‍നട-വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി ഇടവേളക്കുശേഷം വീണ്ടും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ മരണപ്പാച്ചില്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലീസും പരിശോധന താല്‍ക്കാലികമായി നിര്‍ത്തിയതോടെ മത്സരയോട്ടം വര്‍ധിച്ചിരിക്കുകയാണ്. സമയമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നാണ് ഉടമകളും ജീവനക്കാരും അവകാശപ്പെടുന്നത്. എന്നാല്‍, ഇവര്‍ പ്രധാന കേന്ദ്രങ്ങളില്‍ ഏറെ നേരമാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. ഒരു മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റിലധികമാണ് പല ബസുകളും നിര്‍ത്തിയിടുന്നത്. തൃശൂര്‍-കോഴിക്കോട് റൂട്ടിലെ പ്രധാന കേന്ദ്രങ്ങളായ എടപ്പാള്‍, ചങ്കുവെട്ടി ജങ്ഷനുകളിലാണ് പ്രധാനമായും ബസുകള്‍ നിര്‍ത്തിയിടുന്നത്. നിര്‍ത്തിയിട്ട സമയം ലാഭിക്കാന്‍ അമിത വേഗമുപയോഗിക്കുമ്പോള്‍ ജീവനുകള്‍ പൊലിയുന്നു. ഫിറ്റ്നസ് പരിശോധനക്ക് ശേഷം ബസുകളിലെ വേഗമാനകം ഊരിയിടുന്നു. മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന ബസുകളും അമിതവേഗത്താല്‍ ഭീതി പരത്തുകയാണ്. തിരൂരില്‍ നിന്നാരംഭിച്ചാല്‍ വൈലത്തൂര്‍, ചങ്കുവെട്ടി, കോട്ടക്കല്‍, കോട്ടപ്പടി എന്നിവിടങ്ങളില്‍ മിനിറ്റുകളോളമാണ് ബസൂകള്‍ നിര്‍ത്തിയിടുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളെ നഷ്ടത്തിലാക്കാനാണ് ഇതെന്നാണ് ആരോപണം. ജീവനക്കാരുടെ ഇടപെടലാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് ഭൂരിഭാഗം ഉടമകളുടെയും വാദം. അപകടം വരുത്തുന്നവരുടെ ലൈസന്‍സ് വാങ്ങിവെക്കാന്‍ പൊലീസ് തയാറാകണമെന്നും രാവിലെയും, വൈകീട്ടും സ്റ്റേഷനിലത്തെി ഒപ്പിട്ട് പോകാന്‍ നിര്‍ദേശിച്ചാല്‍ അപകടം കുറയുമെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.