കള്ളനോട്ടും നോട്ടിരട്ടിപ്പും വാഗ്ദാനം ചെയ്ത് പണംതട്ടല്‍ അഞ്ചംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്നും ബിസിനസിന് മുടക്കുന്ന തുകയുടെ ഇരട്ടി കള്ളനോട്ട് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന അഞ്ചംഗ സംഘത്തെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ നാറാണത്ത് മെഹബൂബ് (35), പാലക്കാട് നൂറണി വെള്ളതൊടി ഹിറാനഗര്‍ റിജാസ് (23), പാലക്കാട് മാട്ടുമന്ത സി.എന്‍ പുരം ഷമീര്‍ മന്‍സിലില്‍ താഹിര്‍ (31), പാലക്കാട് പുതുപ്പള്ളി തെരുവ് അന്‍സിയ മന്‍സിലില്‍ അസ്കര്‍ (23), തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് കാഞ്ഞിരത്തിങ്ങല്‍ അബ്ദുല്ലക്കോയ (54) എന്നിവരെയാണ് പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സിക്ക് സമീപം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പ് പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശിയില്‍നിന്ന് ബിസിനസില്‍ മുടക്കാനായി നാല് ലക്ഷം രൂപ വാങ്ങിയിരുന്നു. ലാഭത്തിന് പുറമെ ഇരട്ടി തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം വ്യാജകറന്‍സി നല്‍കി വഞ്ചിച്ചെന്ന പരാതിയിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മുടക്കുന്ന തുക അഞ്ച് മാസത്തിനുള്ളില്‍ ഇരട്ടിയാക്കി നല്‍കുമെന്നും നല്‍കുന്ന തുകയുടെ ഇരട്ടി തുകക്ക് കള്ളനോട്ട് നല്‍കാമെന്നുമാണ് സംഘത്തിന്‍െറ വാഗ്ദാനമെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ബ്രോക്കര്‍മാര്‍ മുഖേനയാണ് ഇടപാടുകാരെ വശീകരിക്കുന്നത്. മലപ്പുറം, മഞ്ചേരി, എടവണ്ണ, കോട്ടക്കല്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലേക്ക് വരുത്തി പ്രലോഭിപ്പിച്ച് ഇടപാടുകള്‍ വിശദീകരിക്കും. വലയില്‍ വീഴുമെന്ന് കണ്ടാല്‍ അരലക്ഷത്തിന്‍െറ ഒറിജിനല്‍ നോട്ടുകള്‍ കാണിച്ച് കള്ളനോട്ടാണെന്ന് വിശ്വസിപ്പിക്കും. ഇത് വിശ്വസിച്ച് ഇടപാടിന് തയാറായാല്‍ മറ്റൊരു കേന്ദ്രത്തിലേക്ക് ക്ഷണിച്ച് വരുത്തും. സംഘം ബാഗില്‍ കരുതി വരുന്ന, കോയമ്പത്തൂരില്‍ അടിച്ച നോട്ടിന്‍െറ സ്കാന്‍ പ്രിന്‍റുകള്‍ കെട്ടുകളാക്കി ഇരുപുറത്തുമായി ഓരോ ഒറിജിനല്‍ നോട്ട് വെച്ച് കറന്‍സി കെട്ടുകള്‍ കൈമാറുകയാണ് രീതി. ബിസിനസില്‍ മുടക്കാനായി വാങ്ങുന്ന തുകയുടെ ഇരട്ടി തുകയാണ് കള്ളനോട്ടായി കൈമാറുന്നത്. മലപ്പുറം, പാലക്കാട്, എറണാകുളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയതായി പ്രതികള്‍ സമ്മതിച്ചതായും പറയുന്നു. നോട്ട് കെട്ടുകള്‍ വീടുകളിലത്തെിച്ച് എണ്ണുമ്പോഴാണ് വഞ്ചന വെളിപ്പെടുക. ഭൂരിഭാഗവും തട്ടിപ്പിനിരയായാലും കള്ളനോട്ട് ആയതിനാല്‍ നാണക്കേട് കൊണ്ട് പുറത്ത് പറയാന്‍ മടിക്കുകയാണ്. മെഹബൂബിന്‍െറയും താഹിറിന്‍െറയും പേരില്‍ പാലക്കാട് നോര്‍ത്, വേങ്ങര, കോട്ടക്കല്‍ സ്റ്റേഷനുകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍െറ നിര്‍ദേശപ്രകാരം സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ ജോബി തോമസ്, ടൗണ്‍ ഷാഡോ പൊലീസിലെ പി. മോഹന്‍ദാസ്, സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, നിബിന്‍ദാസ്, ദിനേശ് കിഴക്കേക്കര, അനീഷ്, മനോജ്, എന്‍.വി. ഷെബീര്‍, എന്‍.ടി. കൃഷ്ണകുമാര്‍, അഷ്റഫ് കൂട്ടില്‍, ജയന്‍, അഭിലാഷ് കൈപ്പിനി, ബി. സന്ദീപ്, ടി. സെലീന എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.