വോട്ടര്‍ പട്ടിക ശുദ്ധീകരണം തുടങ്ങി

പൊന്നാനി: താമസം മാറിയവര്‍ ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ വോട്ട് മാറ്റിച്ചേര്‍ത്ത് പുതിയ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം. ഇതിനായി വിവര ശേഖരണവും മറ്റു നടപടികളും ആരംഭിച്ചു. 24 മുതല്‍ ഒരു മാസം നടക്കുന്ന പരിശോധനയിലൂടെയാണ് താമസം മാറിയ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കുക. ബൂത്ത്ലെവല്‍ ഓഫിസര്‍മാരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. 29നും 49നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ ഇരട്ടിപ്പ് കൂടുതലാണെന്നാണ് വ്യക്തമായിട്ടുണ്ട്. കൂടുതലും സ്ത്രീ വോട്ടര്‍മാരുടെ പേരാണ് ഇത്തരത്തില്‍ ഇരട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് സൂചന. സ്വന്തം വീട് ഉള്‍പ്പെടുന്ന ബൂത്ത് പരിധിയില്‍ വോട്ടറായ പെണ്‍കുട്ടികള്‍ വിവാഹിതരായി ഭര്‍തൃവീട്ടിലേക്ക് മാറുമ്പോള്‍ അവിടെയും പുതുതായി വോട്ട് ചേര്‍ക്കുന്നതാണ് ഇരട്ടിപ്പിന് കാരണം. നേരത്തേ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് അതിന്‍െറ നമ്പര്‍ നല്‍കി പുതിയ വിലാസത്തിലേക്ക് മാറാനാകുമെങ്കിലും ഇങ്ങനെ ചെയ്യുന്നവര്‍ കുറവാണ്. ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കുന്നത് ഒഴിവാക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്. അധികമുള്ള കാര്‍ഡ് ബി.എല്‍.ഒമാരെ ഏല്‍പ്പിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് യഥാസമയം ലഭ്യമാക്കുന്നതിലുള്ള വീഴ്ചയും ഇരട്ടിപ്പിന് കാരണമാകുന്നുണ്ട്. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇരട്ടിപ്പ് നീക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. താമസം മാറിയവരുടെ പേര് നീക്കംചെയ്യുന്ന കാര്യം കാണിച്ച് കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് കൈമാറിയോ പഴയ താമസസ്ഥലത്ത് സാക്ഷികള്‍ മുഖാന്തരം നോട്ടീസ് പതിച്ചോ പേര് നീക്കംചെയ്യാന്‍ ബി.എല്‍.ഒമാര്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് ശിപാര്‍ശ നല്‍കും. താമസം മാറിയാലും തെരഞ്ഞെടുപ്പ് ദിവസം പഴയ സ്ഥലത്തത്തെി വോട്ട് ചെയ്യാമെന്ന സ്ഥിതിക്ക് ഇനി മാറ്റം വരും. തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ഉപയോഗിച്ച് പുതിയ താമസസ്ഥലത്തെ കുടുംബാംഗത്തിന്‍െറയോ അയല്‍വാസിയുടെയോ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍കൂടി നല്‍കി ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാവും. പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്‍െറ ഗുണമേന്മ ഉറപ്പുവരുത്താം. 2017 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന പുതിയ വോട്ടര്‍മാരുടെ പേരും ഫോണ്‍നമ്പറും ബി.എല്‍.ഒമാര്‍ ശേഖരിക്കും. ഇവര്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കി വോട്ടര്‍മാരാകാം. വോട്ടുണ്ടായിട്ടും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവരും കാര്‍ഡ് നഷ്ടപ്പെട്ടവരും പുതുതായി അപേക്ഷ നല്‍കുന്നതിന് പകരം താലൂക്ക് ഓഫിസുകളില്‍ നേരിട്ടത്തെി ഫോറം പൂരിപ്പിച്ച് നല്‍കി കാര്‍ഡ് കൈപ്പറ്റുകയാണ് വേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.