നേര്‍ക്കുനേര്‍ പ്രവര്‍ത്തകര്‍; മഞ്ചേരി മുള്‍മുനയിലായത് മണിക്കൂറുകള്‍

മഞ്ചേരി: നിയമവാഴ്ചയെ വെല്ലുവിളിച്ച് രണ്ട് സംഘടനകള്‍ നടത്തിയ പ്രതിഷേധം മഞ്ചേരി നഗരത്തെ മണിക്കൂറുകളോളം അരക്ഷിതാവസ്ഥയിലാക്കി. ഹിന്ദു ഐക്യവേദി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മുഖത്തോടുമുഖം നിന്ന് പോര്‍വിളിച്ചതാണ് ജനത്തെ ഭീതിയിലാക്കിയത്. പൊലീസും ജില്ലാ ഭരണകൂടവും പലതവണ ശ്രമിച്ചിട്ടും ഇരുസംഘടനകളിലുമുള്ളവര്‍ നഗരത്തിലത്തെുന്നത് ഒഴിവാക്കാനായില്ല. മഞ്ചേരി ചെരണിയിലെ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നിശ്ചയിച്ചത് മൂന്നാഴ്ച മുമ്പാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനകേന്ദ്രമാണെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, സംഘ്പരിവാര്‍ ഇസ്ലാമിക സ്ഥാപനങ്ങള്‍ കൈയേറാനുള്ള നീക്കത്തിലാണെന്നും മാര്‍ച്ച് തടയുമെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നിലപാട്. ശനിയാഴ്ച രാവിലെ ഹിന്ദു ഐക്യവേദി മാര്‍ച്ച് തുടങ്ങുന്നതിന് തൊട്ടുസമീപം പോപ്പുലര്‍ ഫ്രണ്ട് സംഘം നിലയുറപ്പിച്ച് മുദ്രാവാക്യം വിളി തുടങ്ങിയതോടെ ഇരുസംഘത്തെയും പിരിച്ചുവിടാന്‍ പൊലീസ് നന്നായി വിയര്‍ത്തു. സമരം കാണാന്‍ പൊതുജനങ്ങളുമത്തെിയതോടെ വന്‍ ആള്‍ക്കൂട്ടമായി. മാര്‍ച്ച് തുടങ്ങിയാല്‍ ആശുപത്രിപ്പടിയില്‍ തടയാനായിരുന്നു പൊലീസ് തീരുമാനം. എന്നാല്‍, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ച മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് പൊലീസ് വളഞ്ഞു. ബസുകള്‍ തിരിച്ചുവിട്ടു. ധര്‍ണ കഴിയുന്നതുവരെ പ്രദേശം 700ഓളം പൊലീസുകാരുടെ വലയത്തിലായി. ഉച്ച 1.30ഓടെ ധര്‍ണ കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയില്‍ വെച്ചും പോര്‍വിളിയുണ്ടാവുമോ എന്ന ആശങ്കയുയര്‍ന്നെങ്കിലും അതും പൊലീസിന് ഒഴിവാക്കാനായി. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, ഡിവൈ.എസ്.പിമാരായ മോഹനചന്ദ്രന്‍, ഡി.സി.ബി ഡിവൈ.എസ്.പി ബാലന്‍, ഡി.സി.ബി ഡിവൈ.എസ്.പി ബാബു, മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ സബ് ഡിവിഷനുകളിലെ സി.ഐ, എസ്.ഐ അടക്കമുള്ളവര്‍ നേതൃത്വം നല്‍കി. സബ് കലക്ടര്‍ ജാഫര്‍ മാലിക് തയാറെടുപ്പുകള്‍ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.