കാക്കഞ്ചേരിയില്‍ ലോറിയിടിച്ച യുവാവ് റോഡില്‍ കിടന്നത് അര മണിക്കൂര്‍

വള്ളിക്കുന്ന്: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ദേശീയപാതയില്‍ ചോരയൊലിച്ച് കിടന്നത് അര മണിക്കൂറിലധികം. പിന്നീടിദ്ദേഹത്തെ തൃശൂര്‍ സ്വദേശികളായ കാര്‍ യാത്രക്കാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കാക്കഞ്ചേരിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ചേലേമ്പ്ര വെസ്റ്റ് ചാലി പറമ്പിലെ ചെറൂളി കുറുവങ്ങോത്ത് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് (26) സ്വന്തം നാട്ടില്‍തന്നെ വാഹനമിടിച്ച് വീണിട്ടും ആരും സഹായിക്കാന്‍ വരാത്തതിനാല്‍ രക്തം വാര്‍ന്ന് മരിച്ചത്. ചേളാരിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ച് ബൈക്കില്‍നിന്ന് തെറിച്ചു വീഴുകയായിരുന്നു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോകുകയും ചെയ്തു. അപകടം കണ്ട ഒരു യാത്രക്കാരന്‍ ലോറിയെ പിന്തുടര്‍ന്നു. പക്ഷേ, ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ ആശുപത്രിയിലത്തെിക്കാന്‍ ഒരാള്‍പോലും മുന്നിട്ടിറങ്ങിയില്ല. അര മണിക്കൂറിന് ശേഷം കോഴിക്കോട്ട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തയാറായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കാറില്‍ നിന്നിറക്കുന്നതിനിടെ എത്തിയ ആംബുലന്‍സില്‍ കയറ്റി ഇവര്‍ ഷാഫിയെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ ലോറി പിന്നീട് യാത്രക്കാര്‍ പിന്തുടര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. മുഹമ്മദ് ഷാഫിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുറുവങ്ങോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.