പുഞ്ചക്കൊല്ലി, അളക്കല്‍ ഊരുകൂട്ടങ്ങളില്‍ അധികൃതര്‍ക്കെതിരെ പരാതി പ്രളയം

നിലമ്പൂര്‍: എം.എല്‍.എയും ജില്ലാ ഭരണാധികാരികളും വ്യാഴാഴ്ച കോളനികളില്‍ നടത്തുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി അളക്കല്‍, പുഞ്ചക്കൊല്ലി കോളനികളില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത (ടി.ഇ.ഒ) യുടെ നേതൃത്വത്തിലാണ് ഇരു കോളനികളിലും ചൊവ്വാഴ്ച ഊരുകൂട്ടം വിളിച്ചു ചേര്‍ത്തത്. ജനവാസകേന്ദ്രമായ ആനമറിയില്‍നിന്ന് കിലോമീറ്റര്‍ മാറി ഉള്‍വനത്തിലാണ് ഇരു കോളനികളുമുള്ളത്. ചോലനായ്ക്ക-കാട്ടുനായ്ക്ക വിഭാഗമാണ് ഇവിടെ അധിവസിക്കുന്നത്. അളക്കല്‍ കോളനിയില്‍ 34 കുടുംബങ്ങളിലായി 137 പേരും പുഞ്ചക്കൊല്ലി കോളനിയില്‍ 61 കുടുംബങ്ങളിലായി 233 പേരുമാണുള്ളത്. ഇരുകോളനികളിലും വെവ്വേറെയാണ് ഊരുകൂട്ടം വിളിച്ചത്. വീടുകളുടെ ചോര്‍ച്ച, കുടിവെള്ളം, റോഡ്, കാട്ടുമൃഗശല്യം, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നം എന്നിങ്ങനെ പൊതുവായതും അല്ലാത്തതുമായ ഒട്ടേറെ പരാധീനതകളാണ് ഊരുകൂട്ടത്തില്‍ ഉയര്‍ന്നത്. അളക്കല്‍ കോളനിയില്‍ ഒറ്റ കക്കൂസുകള്‍ പോലും ഇല്ല. കോളനിക്ക് സമീപം ഒഴുകുന്ന ചോലകളില്‍ നിന്നാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. 16 വര്‍ഷം മുമ്പ് നിര്‍മിച്ച വീടുകളില്‍ മിക്കതും താമസയോഗ്യമല്ല. പത്തോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി പാര്‍പ്പിടമില്ല. യാത്രാ സൗകര്യമില്ലായ്മയാണ് ഏറ്റവും വലിയ ദുരിതമെന്ന് ഇവര്‍ പരാതിപ്പെടുന്നു. രോഗം ബാധിച്ചാല്‍ ആശുപത്രിയിലത്തൊന്‍ കഴിയുന്നില്ല. വൈദ്യുതിയും കോളനിക്ക് അന്യമാണ്. പുഞ്ചക്കൊല്ലി കോളനിയിലുണ്ടായിരുന്ന അങ്കണവാടി കെട്ടിടം പാടെ തകര്‍ന്നിട്ട് 13 വര്‍ഷമായി. കെട്ടിടം പുതുക്കി പണിയാന്‍ ആവശ്യപ്പെട്ട് ഐ.ടി.ഡി.പിക്ക് നിരവധി അപേക്ഷ നല്‍കിയിട്ടും ഫലം കണ്ടില്ല. കോളനിയില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കുടിവെള്ള പദ്ധതി വൈദ്യുതിയില്ലാത്തതിനാല്‍ പ്രയോജനപ്പെടുത്താനാവാതെ കിടക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പദ്ധതിയുടെ കിണറും മോട്ടോറും ടാങ്കും കോളനിയില്‍ നോക്കുകുത്തിയായി. ഐ.ടി.ഡി.പി പ്രമോട്ടര്‍ കോളനിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. ആദിവാസികളുടെ ജോലി ഉറപ്പാക്കുന്നതിന് സ്ഥാപിച്ച പുഞ്ചക്കൊല്ലി റബര്‍ പ്ളാന്‍േറഷനില്‍ തങ്ങള്‍ക്ക് ജോലി ലഭിക്കുന്നില്ല. ജോലിയുള്ളവരെ സ്ഥിരപ്പെടുത്തുന്നതിന് പകരം പിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോകുന്നു കോളനി നിവാസികളുടെ പരാതി പ്രവാഹം. എല്ലാം ശരിയാക്കും എന്ന ഉറപ്പ് നല്‍കിയാണ് പതിവ്പോലെ അധികൃതരും ജനപ്രതിനിധികളും മടങ്ങിയത്. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു, വൈസ് പ്രസിഡന്‍റ് പി.ടി. സാവിത്രി, ബ്ളോക് പഞ്ചായത്ത് അംഗം പി.ടി. ഉഷ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെംബറുമായ മുഹമ്മദ് അശ്റഫ്, പഞ്ചായത്ത് അംഗങ്ങളായ അശോകന്‍, ഹകീം തുടങ്ങിയവര്‍ ഊരുകൂട്ടത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.