കൊണ്ടോട്ടി: ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴും അതിനെ സരസമായി നോക്കിക്കാണാന്‍ കഴിയുന്ന മനസ്സിനുടമയായിരുന്നു ടി.എ റസാഖെന്ന് സംവിധായകന്‍ സിബി മലയില്‍ അനുസ്മരിച്ചു. ടി.എ. റസാഖിന്‍െറ ഖബറടക്കത്തിനുശേഷം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ആത്മ വിശ്വാസമാണ് റസാഖിനെ മുന്നോട്ടുനയിച്ചത്. ആശുപത്രിയിലത്തെിയ തന്നെ ഐ.സി.യുവിന്‍െറ ഗ്ളാസിന് പുറത്തുനിന്ന് കണ്ടപ്പോഴും തിരിച്ചുവരവിനെക്കുറിച്ചുള്ള ആഗ്രഹങ്ങളാണ് പങ്കുവെച്ചത്. ലോഹിതദാസിനുശേഷം തനിക്ക് കനപ്പെട്ട തിരക്കഥകള്‍ തന്ന പ്രതിഭാശാലിയായ കലാകാരനായിരുന്നു റസാഖെന്നും സിബി മലയില്‍ അനുസ്മരിച്ചു. പച്ചയായ കൊണ്ടോട്ടിക്കാരനായിരുന്നു ടി.എ. റസാഖെന്ന് അനുശോചനയോഗം ഉദ്ഘാടനം ചെയ്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. പച്ചയായ മനുഷ്യനാകുമ്പോഴാണ് കലാകാരന് മഹത്വമുണ്ടാകുന്നത്. ആ നിലക്ക് വലിയ മനുഷ്യനും മഹത്വമുള്ള കലാകാരനുമായിരുന്നു റസാഖ്. ടി.എ. റസാഖുമായി 1990 മുതല്‍ രണ്ടര പതിറ്റാണ്ടിലേറെ കാലത്തെ ബന്ധമുണ്ട്. പറഞ്ഞതിനേക്കാളേറെ കഥകള്‍ ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായതെന്നും കമല്‍ അനുസ്മരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണരംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചത് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരിച്ചു. താനുമായി ചര്‍ച്ച ചെയ്ത പല കഥകളുമാണ് മറ്റ് സംവിധായകരുടെ നല്ല സിനിമകളായി പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. അസാമാന്യ കഴിവുകളുണ്ടായിരുന്ന കലാകാരനായിരുന്നു ടി.എ. റസാഖെന്ന് ടി.കെ. ഹംസ പറഞ്ഞു. അനുശോചന യോഗത്തില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഷ്റഫ് മടാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജി.എസ്. വിജയന്‍, പി.വി. ഗംഗാധരന്‍, സി.പി. സെയ്തലവി, ആര്യാടന്‍ ഷൗക്കത്ത്, സിയാദ് കോക്കര്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, വി.എം. കുട്ടി, എന്‍. പ്രമോദ്ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.