കാളികാവ് സി.എച്ച്.സിയില്‍ വന്‍ തിരക്ക്

കാളികാവ്: പകര്‍ച്ചപ്പനി വ്യാപകമായതോടെ കാളികാവ് സി.എച്ച്.സിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമായി. എണ്ണൂറോളം പേരാണ് ആശുപത്രിയില്‍ ദിനംപ്രതി ചികിത്സ തേടി എത്തുന്നത്. നാല് പഞ്ചായത്തുകള്‍ക്ക് ആശ്രയമായ കാളികാവ് സി.എച്ച്.സിയില്‍ നൂറോളം ആളുകള്‍ കിടത്തി ചികിത്സയിലുമുണ്ട്. രണ്ട് വനിത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ചില ഡോക്ടര്‍മാര്‍ക്ക് അധിക ചുമതലകള്‍ നല്‍കിയതാണ് പ്രശ്നമായത്. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ചില ദിവസങ്ങളില്‍ തുവ്വൂര്‍, മമ്പാട് എന്നീ ആശുപത്രികളില്‍ അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഒരു വനിതാ ഡോക്ടര്‍ ഹജ്ജ് ഡ്യൂട്ടിയിലുമാണ്. ഇതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് പരിരക്ഷ, കുത്തിവെപ്പ്, യോഗങ്ങള്‍, മറ്റ് ഒൗദ്യോഗിക പരിപാടികള്‍ എന്നിങ്ങനെയുള്ളവയുമുണ്ടാകും. ആശുപത്രിയിലത്തെുന്ന എണ്ണൂറോളം രോഗികളെ ചികിത്സിക്കാന്‍ മിക്ക ദിവസങ്ങളിലും രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പിയില്‍ ഉണ്ടാവാറുള്ളത്. പകര്‍ച്ചപ്പനിയുള്‍പ്പെടെ മഴക്കാല രോഗങ്ങള്‍ വ്യാപകമായ സമയത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അധിക ചുമതലകള്‍ നല്‍കിയത് പിന്‍വലിക്കണമെന്നും സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ളവരെ അധികമായി നിയമിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.