വ്യാപാരികളുടെ പ്രതിഷേധം; കുറ്റിപ്പുറത്ത് ഹോട്ടലുകള്‍ പൂട്ടാനായില്ല

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് രണ്ട് ഹോട്ടലുകള്‍ തിങ്കളാഴ്ച സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൂട്ടാനത്തെിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. കൈയേറിയതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നേരത്തെ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ ഹോട്ടലുകളാണ് പൂട്ടാനത്തെിയത്. പൊലീസിന്‍െറ സഹായത്തോടെ പൂട്ടാനത്തെിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തില്‍ പഞ്ചായത്ത് അധികൃതര്‍ മുട്ടുമടക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസിന്‍െറ സഹായത്തോടെ തിങ്കളാഴ്ച ഉച്ചയോടെയാണ് സെക്രട്ടറി ഹോട്ടലുകള്‍ പൂട്ടാനത്തെിയത്. എന്നാല്‍, പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനുള്ള സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സംഘടിച്ചതോടെ സെക്രട്ടറിയും പൊലീസും മടങ്ങി. തുടര്‍ന്ന്, വ്യാപാരി പ്രതിനിധികളും പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് ഓഫിസിലത്തെി ഹോട്ടല്‍ പൂട്ടാനുള്ള കാരണം അന്വേഷിച്ചു. അനധികൃത കൈയേറ്റമാണ് കാരണമെന്നറിഞ്ഞതോടെ തിങ്കളാഴ്ച രാത്രിയോടെ ഒഴിപ്പിക്കാമെന്ന ഉറപ്പില്‍ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു. അതേസമയം, മന്ത്രിയുടെ ഓഫിസും സി.പി.എം നേതൃത്വവും ഹോട്ടല്‍ പൂട്ടിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനാലാണ് തിടുക്കത്തില്‍ ഹോട്ടലടപ്പിക്കാനത്തെിയതെന്ന് സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത് ഇരുവിഭാഗം തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. ഹോട്ടലുകള്‍ പൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചെങ്കില്‍ എഴുതി നല്‍കണമെന്ന് ഭരണപക്ഷം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിനിടെ സി.പി.എമ്മിലെ ഒരു വിഭാഗം സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ രംഗത്തത്തെി. സെക്രട്ടറി ചുമതല നിര്‍വഹിക്കാതെ തമ്മിലടിപ്പിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. ആവശ്യമെങ്കില്‍ പൊലീസ് സഹായത്തോടെ നിയമം നടപ്പാക്കുമെന്ന് നേരത്തെ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചിരുന്നു. എന്നാല്‍, ബങ്കുകളടക്കാനത്തെിയ ആരോഗ്യവകുപ്പ് അധികൃതരെ തടഞ്ഞെങ്കിലും പൊലീസില്‍ പരാതിപ്പെടാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. ജൂലൈ 23നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാല് ഹോട്ടലുകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദു ചെയ്തത്. ഇതില്‍ രണ്ടെണ്ണം നേരത്തെ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അടച്ചിട്ടതായിരുന്നു. ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തത്. കലക്ടര്‍ അടപ്പിച്ച ഹോട്ടലുകള്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധ പൂര്‍ത്തിയാക്കി തുറക്കാമെന്ന് കലക്ടര്‍ ഉത്തരവിട്ടെങ്കിലും ഹോട്ടലുടമകള്‍ തുറക്കാന്‍ തയാറായിട്ടില്ല. കൈയേറ്റത്തിന്‍െറ പേരില്‍ ഹോട്ടല്‍ അടപ്പിക്കുകയാണെങ്കില്‍ ടൗണിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കൈയേറ്റം പൊളിച്ചുമാറ്റി ഹോട്ടലും പരിസരവും വൃത്തിയുള്ളതാണെന്ന ആരോഗ്യവകുപ്പിന്‍െറ സര്‍ട്ടിഫിക്കറ്റ് ചൊവ്വാഴ്ച പഞ്ചായത്തില്‍ ഹാജരാക്കാമെന്ന ഉറപ്പിലാണ് താല്‍ക്കാലികമായി ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി ഹരി ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.