ഹയര്‍ സെക്കന്‍ഡറിയില്‍ കസേരഭരണം

മലപ്പുറം: റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി), അക്കൗണ്ട്സ് ഓഫിസര്‍, സൂപ്രണ്ട് തുടങ്ങിയ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് കാരണം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലാ ഓഫിസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മലപ്പുറം, പാലക്കാട് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക്, അക്കാദമിക്കിതര പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ആര്‍.ഡി.ഡി ഓഫിസിനാണ്. എന്നാല്‍, ആര്‍.ഡി.ഡി ഉള്‍പ്പെടെ ഏറ്റവും പ്രധാന തസ്തികകളില്‍ മാസങ്ങളായി ആളില്ല. ഇതുമൂലം ഓഫിസ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ ശമ്പള ബില്ലുകളും മറ്റു സേവന വേതന ആവശ്യങ്ങള്‍ക്കുള്ള ഫയലുകളും ഒപ്പിടാതെ കുന്നുകൂടി കിടക്കുകയാണ്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനം, തസ്തിക നിര്‍ണയം തുടങ്ങിയവയും ആര്‍.ഡി.ഡിയുടെ ചുമതലയാണ്. മാര്‍ച്ച് 31നാണ് ആര്‍.ഡി.ഡി വിരമിച്ചത്. പകരം ഇതുവരെ നിയമനമായില്ല. ഇടക്ക് അക്കൗണ്ട്സ് ഓഫിസര്‍ ചുമതലയേറ്റിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച സ്ഥലം മാറിപ്പോയി. സൂപ്രണ്ട് തസ്തികയില്‍ രണ്ട് വര്‍ഷമായി ആളില്ല. നിലവില്‍ മലപ്പുറം മേഖലാ കേന്ദ്രം ആര്‍.ഡി.ഡിയുടെ അധിക ചുമതല കോഴിക്കോട് ആര്‍.ഡി.ഡിക്കാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇദ്ദേഹം മലപ്പുറത്ത് എത്തുക. എല്‍.പി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ജില്ലാ ഓഫിസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് എന്നിങ്ങനെ വിപുലമായ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍, പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖലക്ക് പാലക്കാടിനും മലപ്പുറത്തിനുമായി ഒരു സ്ഥാപനമേയുള്ളൂ. മൂന്ന് വര്‍ഷം മുമ്പാണ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ആര്‍.ഡി.ഡി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.