മഞ്ചേരി: കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി സ്മാരക ബസ്സ്റ്റാന്‍ഡ് ഉപയോഗപ്പെടുത്തി മഞ്ചേരിയില്‍ ഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നും മഞ്ചേരിയിലെ എല്ലാ മേഖലയിലെയും വികസനത്തിന് ഇതാണ് അനിവാര്യമെന്നും കച്ചേരിപ്പടിയിലെ വ്യാപാരി പ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. 44 മുറികളുള്ള ഷോപ്പിങ് കോംപ്ളക്സില്‍ മുഴുവന്‍ മുറികളും ലേലത്തില്‍ പോയെങ്കിലും നാലോ അഞ്ചോ മുറികളില്‍ മാത്രമാണ് കച്ചവടം. ബാക്കിയുള്ളവര്‍ മുറികള്‍ വാടകക്കെടുത്ത അന്നു മുതല്‍ വാടക നല്‍കി നഷ്ടം സഹിക്കുകയാണ്. കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ് ഒഴിവാക്കിയുള്ള ഗതാഗതക്രമമാണ് തുടരുന്നതെങ്കില്‍ എതിര്‍ക്കുമെന്നും സമരവുമായി ഇറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയിലേറെയായി കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സര്‍വിസ് നടത്തുകയാണ്. ട്രാഫിക് ജങ്ഷനില്‍ ഓവുപാലം പണിയുടെ പേരിലാണിതിങ്ങനെയാക്കിയത്. ഇതേ മാതൃകയില്‍ തുടര്‍ന്നും നിലനിര്‍ത്തണമെന്നും മഞ്ചേരിയുടെ പുരോഗതിയും നഗരത്തിലെ വികസനവുമാണ് മുന്നില്‍ കാണേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. 25ന് നടക്കുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ളെന്നും സംഘടനക്ക് കച്ചേരിപ്പടി കേന്ദ്രീകരിച്ച് മറ്റൊരു യൂനിറ്റ് രൂപവത്കരിക്കുമെന്നും അറിയിച്ചു. സമിതി പ്രസിഡന്‍റ് ത്വല്‍ഹത്ത് മുഹമ്മദ്, സെക്രട്ടറി അലവിക്കുട്ടി പുല്ലാര, അരുകിഴായ നഗരസഭാ കൗണ്‍സിലര്‍ മോഹന്‍ദാസ്, പി. ഷറഫുദ്ദീന്‍, റജി കല്ലൂര്‍, ഷൗകത്ത് പുല്‍പ്പറ്റ, കുഞ്ഞിമുഹമ്മദ് പൂളക്കുന്ന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.