എടക്കര: ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തണ്ണിക്കടവ് നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനകീയ ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്ക് നിവേദനം നല്‍കാനും തുടര്‍ന്ന് നടപടിയുണ്ടാകാത്തപക്ഷം സമര രംഗത്തിറങ്ങാനുമാണ് പ്രദേശത്തെ കര്‍ഷകരുടെ തീരുമാനം. കരിയംമുരിയം വനത്തില്‍ നിന്നും നിത്യേന ഇറങ്ങുന്ന കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതിപരത്തുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. ഫെബ്രുവരി 27ന് രാത്രി അറന്നാടംപൊട്ടിയില്‍ പരേതനായ ചാത്തന്‍െറ മകള്‍ സുമതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. വനത്തോട് ചേര്‍ന്ന സ്വന്തം സ്ഥലത്ത് ഉറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അറന്നാടംപൊട്ടിയിലെ പാലത്തിങ്ങല്‍ അപ്പു, കപ്പച്ചാലി ബഷീര്‍, കൊള്ളിലാന്‍ വര്‍ഗീസ്, വലിയവീട്ടില്‍ ശശി, പാലത്തിങ്ങല്‍ അപ്പു, തൊട്ടേക്കാടന്‍ മൊയ്തീന്‍, തലാപ്പില്‍ നാസര്‍, മുഹമ്മദലി പട്ടത്ത്, കോന്നാടന്‍ അബ്ദുല്‍ അലി, മാട്ടായി ചേക്കുണ്ണി എന്നിവരെല്ലാം വിളനാശം നേരിട്ട കര്‍ഷകരാണ്. ഒരു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ വിളനാശമാണ് പ്രദേശത്തെ കര്‍ഷകര്‍ക്കുണ്ടായത്. രണ്ടുതവണ നാരോക്കാവ്-തണ്ണിക്കടവ് റോഡിലിറങ്ങിയ കാട്ടാനക്ക് മുന്നിലകപ്പെട്ട് തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ടവരും ഇവിടെയുണ്ട്. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ ഫലമായി മരുത കൊടമണിക്കോട് മുതല്‍ തണ്ണിക്കടവ് വരെയുള്ള ഏഴ് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക, കാട്ടാനശല്യത്തിന് പരിഹാരം കാണുക, വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി സ്ഥാപിക്കുക, വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.