യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യകണ്ണിയെ അറസ്റ്റ് ചെയ്തു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് ഉള്ളാട്ടില്‍ ആബിദിനെയാണ് (41) ഇയാള്‍ താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്സില്‍നിന്ന് ചൊവ്വാഴ്ച പിടികൂടിയത്. ഇതോടെ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായെന്നും ക്വട്ടേഷന്‍ നല്‍കിയയാള്‍ വിദേശത്താണെന്നും മലപ്പുറം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് അറിയിച്ചു. ഫെബ്രുവരി 19നായിരുന്നു സംഭവം. വര്‍ക്ഷോപ്പിലെ ബൈക്ക് മെക്കാനിക്കായ കീരന്‍കുണ്ടിലെ തോരപ്പ റിയാസിനെ (33) സ്പാനര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. റിയാസിന്‍െറ അയല്‍വാസിയാണ് മുന്‍വൈരാഗ്യത്താല്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഗള്‍ഫിലാണ്. സംഘത്തിലുണ്ടായിരുന്ന ഇരിവേറ്റി എളങ്കൂര്‍ മുണ്ടോടന്‍ കീരി അനസിനെയും (26) പുല്‍പ്പറ്റ കാരാപറമ്പ് കണ്ണിയത്ത് കൈക്കോട്ടുപറമ്പില്‍ മുഹമ്മദ് ഷബീലിനെയും (20) ഇതിനകം പിടികൂടിയിരുന്നു. ആബിദിനെ വിവിധ കേസുകളില്‍ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബുലാല്‍, രജീന്ദ്രന്‍, ഉദയരാജ്, യൂനുസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.