ഹൗസ്ഫുള്‍... തിരൂര്‍ സബ് ജയില്‍

തിരൂര്‍: തിരൂര്‍ സബ് ജയിലില്‍ തടവുകാരുടെ ആധിക്യം തലവേദനയാകുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാരെ പാര്‍പ്പിക്കേണ്ടി വരുന്നത് കനത്ത സുരക്ഷാപ്രശ്നമാണ് ഉയര്‍ത്തുന്നത്. 21 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 46 പേരാണ് ഇപ്പോഴുള്ളത്. തടവുകാരുടെ എണ്ണം 50 കവിയുമ്പോള്‍ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിക്കുന്നത്. പഴഞ്ചന്‍ രീതിയിലുള്ള അഞ്ച് സെല്ലുകള്‍ മാത്രമാണ് ഇവിടെയുള്ളത്. പലതിലും മൂന്നും നാലും ആളുകള്‍ക്ക് മാത്രമേ സൗകര്യമുള്ളൂ. എന്നാല്‍, പലപ്പോഴും പത്തിലേറെ പ്രതികളെ വരെ താമസിപ്പിക്കേണ്ടി വരുന്നു. തടവുകാരുടെ എണ്ണം 52 എത്തിയപ്പോള്‍ ഏതാനും ദിവസം മുമ്പ് 10 പേരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പിന്നീട് നാലുപേര്‍ കൂടിയത്തെിയതോടെയാണ് 46 ആയത്. ഇനി നാലുപേര്‍ കൂടി വന്നാല്‍ പിന്നെയും ഏതാനും പേരെ കോഴിക്കോട്ടേക്ക് മാറ്റണം. ഇങ്ങനെ ഇടക്കിടെ തടവുകാരെ മാറ്റേണ്ടി വരുന്നത് അധികൃതര്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നു. സെല്ലുകളില്‍ തടവുകാരെ കുത്തിനിറക്കുന്നത് കാരണം ഇവര്‍ തമ്മിലുള്ള കശപിശയും തലവേദനയാകുന്നുണ്ട്. സൗകര്യങ്ങളെ ചൊല്ലിയാണ് പലപ്പോഴും തടവുകാര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇതുയര്‍ത്തുന്ന സുരക്ഷാഭീഷണി അധികൃതരെ വലക്കുന്നു. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ചതാണ് തിരൂര്‍ സബ് ജയില്‍. പിന്നീട് ഇതുവരെ നവീകരണത്തിനോ സെല്‍ വിപുലീകരണത്തിനോ നടപടിയുണ്ടായിട്ടില്ല. തിരൂര്‍, പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതികള്‍ റിമാന്‍ഡ് ചെയ്യുന്ന പ്രതികളെയാണ് ഇവിടെ പാര്‍പ്പിക്കുക. തിരൂര്‍, പരപ്പനങ്ങാടി, താനൂര്‍, കോട്ടക്കല്‍, കല്‍പകഞ്ചേരി, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങിയ പൊലീസ് സ്റ്റേഷനുകള്‍ ഈ കോടതികള്‍ക്ക് കീഴിലാണ്. ഇവിടങ്ങളില്‍ താരതമ്യേന കേസുകള്‍ കൂടുതലുള്ളതിനാലാണ് തിരൂര്‍ ജയിലില്‍ തടവുകാരുടെ തിരക്ക് അനുഭവപ്പെടുന്നത്. തവനൂരിലെ പുതിയ ജയില്‍ വരുന്നതോടെ ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.