നിലമ്പൂരില്‍ വീണ്ടും റെക്കോര്‍ഡ് താപനില

നിലമ്പൂര്‍: പ്രഭാതസമയങ്ങളിലുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില വെള്ളിയാഴ്ച നിലമ്പൂരില്‍ രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കും വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കുമിടയില്‍ മേഖലയില്‍ രേഖപ്പെടുത്തിയ താപനില 30 ഡിഗ്രിയാണ്. കേരളം വനം ഗവേഷണ കേന്ദ്രം സബ്സെന്‍ററില്‍ രേഖപ്പെടുത്തിയ കണക്കാണിത്. മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വനമേഖലയില്‍ 29 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെങ്കിലും നിലമ്പൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളില്‍ താപനില ഒരു ഡിഗ്രി കൂടുതലായി അനുഭവപ്പെടുമെന്ന് സബ്സെന്‍ററിലെ ശാസ്ത്രജ്ഞന്‍ ഡോ. ചന്ദ്രശേഖരന്‍ പറഞ്ഞു. നിലമ്പൂര്‍ മേഖലയില്‍ രാവിലെ രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. അതേയമയം ഉച്ചക്ക് 12 മണിക്ക് 37 ഡിഗ്രിയും വൈകീട്ട് നാലിന് 38.6 ഡിഗ്രി ചൂടുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മാര്‍ച്ച് 16ന് നിലമ്പൂര്‍ മേഖലയില്‍ വൈകീട്ട് നാലിന് 40 ഡിഗ്രിവരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ വഴിക്കടവ് മേഖലയില്‍ ഉണ്ടായ ചാറ്റല്‍മഴ രാത്രിയിലെ താപനില വര്‍ധിക്കാന്‍ കാരണമായി. ചുട്ട് പൊള്ളുന്ന വെയിലില്‍ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് തണുത്ത മട്ടിലാണ്. ഉയര്‍ന്ന താപനില ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലമ്പൂര്‍ മേഖലയിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള കെട്ടിടനിര്‍മാണ തൊഴിലാളികളുടെയും മറ്റും വരവ് കുറഞ്ഞു. തണുപ്പ് തേടി കേരളത്തില്‍ നിന്നും ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വൈകീട്ട് മൂന്നരക്ക് ശേഷം മാത്രമേ ഊട്ടിയില്‍ തണുപ്പ് അനുഭവപ്പെടുന്നുള്ളു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.