എം.എസ്.പിയില്‍ ഡോക്ടര്‍ക്കെതിരായ നീക്കത്തെ നിയമപരമായി നേരിടും –കെ.ജി.എം.ഒ.എ

മലപ്പുറം: ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ട വനിതാ ഡോക്ടറെ മാനസികമായി വേട്ടയാടുകയും ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന എം.എസ്.പി അധികൃതരുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.എസ്.പിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ അസി. കമാന്‍ഡന്‍റ് തുടര്‍ച്ചയായി പലതവണ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് 2014ല്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ ഏപ്രില്‍ ഒന്നിന് മൊഴിയെടുക്കുമെന്നറിയിച്ചപ്പോള്‍ പൊലീസിനെതിരെ മൊഴി നല്‍കിയാല്‍ എം.എസ്.പി ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ളെന്നായിരുന്നു ഭീഷണി. മൊഴി നല്‍കിയതിന്‍െറ പേരില്‍ രണ്ടാം തീയതി മുതല്‍ നിരന്തര പീഡനമാണ് നടന്നത്. ഏപ്രില്‍ ഏഴിന് ആശുപത്രി കൈയേറി ഫര്‍ണിച്ചറുകള്‍ പുറത്തിട്ട എം.എസ്.പി അധികൃതര്‍ പരിശോധനാമുറിയടക്കം പൂട്ടി. എട്ടിന് രാവിലെ ജോലിക്കത്തെിയ ഡോക്ടര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരും രോഗികളും ആശുപത്രിയില്‍ കയറാനാവാതെ 11.45 വരെ പുറത്തുനില്‍ക്കേണ്ടി വന്നു. എന്നാല്‍, മെഡിക്കല്‍ ഓഫിസര്‍ ആശുപത്രി തുറക്കാന്‍ സമ്മതിച്ചില്ളെന്ന് പറഞ്ഞ് മലപ്പുറം സ്റ്റേഷനില്‍ വ്യാജ പരാതി നല്‍കി ഡോക്ടര്‍ക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാനാണ് എം.എസ്.പി അധികൃതര്‍ ശ്രമിച്ചത്. പി. ഉബൈദുല്ല എം.എല്‍.എയുടെ അവസരോചിത ഇടപെടലാണ് ഈ നീക്കം പൊളിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെറ്റായ രേഖകള്‍ ഉണ്ടാക്കി ഡോക്ടറെ ക്വാര്‍ട്ടേഴ്സില്‍നിന്ന് മാറ്റുകയായിരുന്നു അധികൃതരുടെ ലക്ഷ്യം. എം.എസ്.പി സ്കൂളിനും എം.എസ്.പി ആശുപത്രിക്കും പ്രത്യേകം അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ആണെന്നിരിക്കെ ആശുപത്രിയുടേത് മാത്രം അംഗീകരിക്കില്ളെന്ന നിലപാട് പ്രതികാര നടപടിയായാണ് കാണുന്നത്. തൊഴിലിടത്തിലെ പീഡനം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. വിഷയത്തില്‍ ആരോഗ്യവകുപ്പിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നതാധികാരികള്‍ ഇടപെടണം. ആവശ്യമായ നടപടികളുണ്ടായില്ളെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എ.കെ. റഊഫ്, ഡോ. ഷംസുദ്ദീന്‍, ഡോ. പി. രാജു, ഡോ. പി.എം. ജലാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.