മാവോവാദി ഭീഷണിക്കിടയില്‍ ആദിവാസി കോളനിയില്‍ മത്സര പരീക്ഷയുടെ ചൂട് പകര്‍ന്ന് പൊലീസ്

പൂക്കോട്ടുംപാടം (മലപ്പുറം): മാവോവാദി ഭീഷണിയെ തുടര്‍ന്ന് പാട്ടക്കരിമ്പ് ആദിവാസി കോളനിയിലത്തെിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വക കോളനിക്കാര്‍ക്ക് മത്സര പരീക്ഷാ പരിശീലനം. കോളനിയിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ ആദ്യമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പാട്ടക്കരിമ്പില്‍ എത്തിയത്. സുരക്ഷ നല്‍കുന്നതിനൊപ്പം കോളനിവാസികളെ മുഖ്യധാരയിലത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കുകയായിരുന്നു. പത്താം ക്ളാസ് വിജയിച്ചവരെ കണ്ടത്തെി പരിശീലനം ആരംഭിക്കുകയും ഇവരെ പൊലീസ് വാഹനത്തില്‍ തന്നെ പൂക്കോട്ടുംപാടം അക്ഷയ കേന്ദ്രത്തില്‍ എത്തിച്ച് പി.എസ്.സി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ബാച്ചുകളായാണ് ക്ളാസുകള്‍ നടത്തുന്നത്. സ്ത്രീകളുടെ ബാച്ചില്‍ 15ലധികം പേരുണ്ട്. എന്നാല്‍, പുരുഷന്മാരുടെ ബാച്ചില്‍ ജോലി കഴിഞ്ഞ് എത്തുന്നതിനാല്‍ എണ്ണത്തില്‍ കുറവുണ്ട്. കണക്ക്, ഇംഗ്ളീഷ്, പൊതുവിജ്ഞാനം എന്നിവയിലാണ് പരിശീലനം. കോളനിയിലുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉണ്ടാക്കാനും പൊലീസ് സഹായിക്കുന്നുണ്ട്. കോളനിവാസികളുമായി അടുത്തിടപഴകാനായി ജനമൈത്രി പൊലീസിന്‍െറ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ഈ സേവനം. കോളനിയിലെ കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനവും നല്‍കുന്നുണ്ട്. എസ്.ഐമാരായ മനോജ് പറയട്ട, എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മലപ്പുറം എസ്.പി കെ. വിജയന്‍െറ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പാട്ടക്കരിമ്പില്‍ പൊലീസ് പിക്കറ്റ് ആരംഭിച്ചത്. കോളനിവാസികളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് എസ്.ഐ എസ്. സന്തോഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.