ചേനപ്പാടി കോളനിക്കാര്‍ ദുരിതത്തില്‍

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി ആദിവാസി കോളനിക്കാര്‍ക്ക് വീടുവെച്ച് നല്‍കുന്ന പരുത്തിപ്പറ്റയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായി. ഒമ്പത് കുടുംബങ്ങള്‍ക്കാണ് പരുത്തിപ്പറ്റയില്‍ വീട് വെക്കുന്നത്. അഞ്ച് കുടുംബങ്ങള്‍ ഇതിനോടകം ഷെഡ് കെട്ടി താമസം തുടങ്ങിയിട്ടുണ്ട്. കോളനി വീടുകള്‍ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറില്‍ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. വീടുകളുടെ നിര്‍മാണത്തിനും മറ്റൊരു വ്യക്തിയുടെ കിണറ്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. കുടിവെള്ളത്തിന് സംവിധാനം ഉണ്ടാകാതെ പരുത്തിപ്പറ്റയില്‍ താമസിക്കാന്‍ കഴിയില്ല. ബാക്കിയുള്ള നാല് കുടുംബങ്ങള്‍കൂടി താമസം മാറിയാല്‍ കൂടുതല്‍ ദുരിതമാകും. ഏതാനും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ചില വീടുകളുടെ മിനുക്ക് പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിച്ചാല്‍ ബാക്കി കുടുംബങ്ങള്‍കൂടി പരുത്തിപ്പറ്റയിലേക്ക് മാറും. തെരഞ്ഞെടുപ്പിന്‍െറ പേരില്‍ കുടിവെള്ളം മുടങ്ങാതിരിക്കാന്‍ അധികൃതര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. മൂന്ന് വര്‍ഷമായി പല സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ചേനപ്പാടിക്കാര്‍ കഴിയുന്നത്. ‘ആശിച്ച ഭൂമി ആദിവാസികള്‍ക്ക് സ്വന്തം’ എന്ന പദ്ധതി പ്രകാരമാണ് ചേനപ്പാടിക്കാര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നത്. ഏറെ വൈകിയെങ്കിലും കുടിവെള്ള പ്രശ്നവും വൈദ്യുതി കണക്ഷനും നല്‍കിയാല്‍ കോളനിക്കാര്‍ക്ക് ആശ്വാസമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.