ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം

മങ്കട: ജനവാസ കേന്ദ്രത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മങ്കട ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് കടന്നമണ്ണ പാറപ്പുറം പട്ടിക്കാട് മുക്ക് കരിമ്പനക്കുണ്ട് പ്രദേശത്തെ നാട്ടുകാരാണ് ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനെതിരെ രംഗത്തത്തെിയത്. മക്കരപ്പറമ്പ് പഞ്ചായത്തില്‍പെടുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്ന് മാര്‍ച്ച് ആറിന് മങ്കട പഞ്ചായത്തിലെ അഞ്ച് വീടുകള്‍ക്കുമേല്‍ പാറക്കല്ല് തെറിച്ചുവീണ് വീടുകള്‍ക്ക് കേട് സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്രഷര്‍ യൂനിറ്റ് തുടങ്ങാനുള്ള നീക്കം നാട്ടുകാരറിഞ്ഞത്. ഇതോടെ കര്‍മ്മ സമിതി രൂപവത്കരിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് വന്‍കിട ക്രഷര്‍ യൂനിറ്റാണ് തുടങ്ങുന്നതെന്നാണ് വിവരം. ചുണ്ടംകരായി പ്രദേശത്ത് ഇതിനായി പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിലേക്ക് കല്ല് തെറിച്ച ക്വാറിയില്‍ നിന്ന് 30 മീറ്റര്‍ മാറിയാണ് ക്രഷര്‍ തുടങ്ങുന്നത്. ക്വാറി പ്രവര്‍ത്തിക്കുന്നത് മക്കരപ്പറമ്പ് പഞ്ചായത്തിലാണെങ്കിലും ദുരിതം സഹിക്കുന്നത് മങ്കട പഞ്ചായത്തിലെ ജനങ്ങളാണ്. കഴിഞ്ഞമാസം പാറ പൊട്ടിത്തെറിച്ച് വീടുകളിലേക്ക് കല്ല് തെറിച്ചുവീണ സംഭവത്തില്‍ പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തും പൊലീസും ചേര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചതെന്ന് മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നത് കൃഷിക്കും കുടിവെള്ളത്തിനും ഭീഷണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലാ കലക്ടര്‍, മൈനിങ്ങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വില്ളേജ് ഓഫിസര്‍, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളില്‍ നാട്ടുകാര്‍ പരാതി നല്‍കി. പി. മുനീര്‍, ടി. ദിനേശ്, പി. മുരളീധരന്‍, എന്‍. ബാബു, കെ.ടി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കര്‍മ സമിതി രൂപവത്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.