മലപ്പുറം: സെപ്റ്റംബറില്‍ സര്‍വിസില്‍ നിന്ന് പിരിയാനിരിക്കെ മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്കരനെ സ്ഥലം മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ ഇടപെടലിനും സര്‍ക്കാര്‍ നടപടിക്കും പിന്നില്‍ ദുരൂഹത. കോട്ടയം കലക്ടര്‍, കൊല്ലം റൂറല്‍ എസ്.പി എന്നിവരെയും ഇതോടൊപ്പം മാറ്റാന്‍ നിര്‍ദേശമുണ്ടെങ്കിലും ഭാസ്കരന്‍െറ കാര്യത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് നടപടി സ്വീകരിച്ചത്. പകരം എസ്. വെങ്കിടേശപതിയെ ഉത്തരവ് വന്ന ബുധനാഴ്ച തന്നെ മലപ്പുറത്ത് നിയമിക്കുകയും ചെയ്തു. എന്നാല്‍, കലക്ടറുടെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് കീഴാറ്റൂര്‍, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും പെരിന്തല്‍മണ്ണ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റും സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് തിങ്കളാഴ്ച വരെ സ്ഥലം മാറ്റം തടഞ്ഞ് ഉത്തരവിറക്കിയിട്ടുണ്ട്. കലക്ടറെ കോടതി ഹരജിയില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും സ്ഥലം മാറ്റുന്നതില്‍ കലക്ടര്‍ക്ക് എതിര്‍പ്പുണ്ടോയെന്ന് ഗവ. പ്ളീഡര്‍ മുഖേന അറിയിക്കാന്‍ വ്യാഴാഴ്ച ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഭാസ്കരന്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും. വരള്‍ച്ചയടക്കമുള്ള ഗുരുതര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതിനിടെ തലപ്പത്തുള്ള റവന്യൂ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കിയപ്പോള്‍ ഇത് അട്ടിമറിയാണെന്നാരോപിച്ച് ചില രാഷ്ട്രീയ നേതാക്കളും മറ്റും ജില്ലാ കലക്ടര്‍ക്കെതിരെ തിരിഞ്ഞിരുന്നു. മാധ്യമ വിചാരണയും കലക്ടര്‍ നേരിട്ടു. വോട്ടിങ് യന്ത്രത്തില്‍ പശ ഒഴിച്ചെന്നും ബാഹ്യശക്തികള്‍ അട്ടിമറി നടത്തിയെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് പിന്നീട് കണ്ടത്തെി. ഹൈദരാബാദിലെ പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വാങ്ങിയ 15,000ത്തിലേറെ യന്ത്രങ്ങള്‍ക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് കാരണമെന്ന് വിദഗ്ധര്‍ പിന്നീട് അറിയിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടായ കനത്ത നഷ്ടം ആര് വഹിക്കുമെന്ന ചോദ്യം ജില്ലാ കലക്ടര്‍ ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രത്യേക കാരണമൊന്നും പറയാതെ ആറ് മാസത്തോളം മാത്രം സര്‍വിസുള്ള കലക്ടറെ മാറ്റാന്‍ നീക്കം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.