മലപ്പുറം ഗവ. വനിതാ കോളജില്‍ അധ്യയനം നാളെ മുതല്‍

മലപ്പുറം: മലപ്പുറത്ത് പുതുതായി അനുവദിച്ച ഗവ. വനിതാ കോളജില്‍ തിങ്കളാഴ്ച അധ്യയനം ആരംഭിക്കുമെന്ന് പി. ഉബൈദുല്ല എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടപ്പടി സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷനല്‍ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് താല്‍ക്കാലികമായി ക്ളാസുകള്‍ തുടങ്ങുന്നത്. ആറ് ക്ളാസ് റൂമുകളും രണ്ട് സ്റ്റാഫ് റൂമുകളും ഓഫിസ് മുറിയും താല്‍ക്കാലിക കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ടോയ്ലറ്റുകളും നവീകരിച്ചു. നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് 4.90 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. സ്ഥിരം കെട്ടിടത്തിന് സ്ഥലം കണ്ടത്തൊനുള്ള നടപടികള്‍ പുരോഗതിയിലാണ്. ബി.എസ്സി കെമിസ്ട്രി, ബി.എസ്സി ബോട്ടണി, ബി.എ ഇസ്ലാമിക് ഹിസ്റ്ററി, ബി.എ ഇംഗ്ളീഷ് എന്നീ നാല് കോഴ്സുകളാണ് തുടക്കത്തിലുണ്ടാവുക. ബി.എസ്സി കെമിസ്ട്രിക്കും ബോട്ടണിക്കും ബി.എ ഇംഗ്ളീഷിനും 24 സീറ്റ് വീതവും ബി.എ ഇസ്ലാമിക ചരിത്രത്തിന് 40 സീറ്റുമാണ് സര്‍വകലാശാല അംഗീകാരം നല്‍കിയത്. വിദ്യാര്‍ഥികളുടെ ആധിക്യം പരിഗണിച്ച് ബി.എ ഇംഗ്ളീഷിന് 16 സീറ്റുകൂടി അനുവദിക്കാന്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഈ കോഴ്സിന് കോളജില്‍ 40 സീറ്റായി. സര്‍വകലാശാലയുടെ ഉത്തരവ് ലഭിച്ചാലുടന്‍ ഈ സീറ്റുകളിലേക്കും ഈ വര്‍ഷം തന്നെ പ്രവേശം നല്‍കും. തിങ്കളാഴ്ച രാവിലെ 9.30ന് പി. ഉബൈദുള്ള എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ വിദ്യാര്‍ഥിനികളെ സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പരി മജീദ്, സ്പെഷല്‍ ഓഫിസര്‍ ഡോ. സൈനുല്‍ ആബിദ് കോട്ട എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.