എം.എല്‍.എക്കും ബ്ളോക്ക് വൈസ് പ്രസിഡന്‍റിനുമെതിരെ പരാതി

കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്ത് ഭൂമിയിലെ അനധികൃത ഖനനത്തില്‍ എം.എല്‍.എയുടെയും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നിലവിലെ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എ. അബ്ദുല്‍ കരീമിന്‍െറയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. പഞ്ചായത്ത് ഖരമാലിന്യ സംസ്കരണത്തിന് വാങ്ങിയ ഭൂമിയില്‍ ഖനനം നടത്താനാവശ്യമായ എഴുത്തുകുത്തുകള്‍ നടത്തിയത് ബ്ളോക്ക് വൈസ് പ്രസിഡന്‍റും എം.എല്‍.എയുമാണെന്നാണ് പൊതുപ്രവര്‍ത്തകനായ അലി പുല്ലിത്തൊടി ഗ്രാമപഞ്ചായത്തിന്‍െറ പുതിയ ഭരണസമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. എം.എല്‍.എയുടെ ഇടപെടലിനെതിരെ നിയമസഭാ സെക്രട്ടറിക്ക് സത്യപ്രതിജ്ഞാ ലംഘനത്തിനും പരാതി അയച്ചിട്ടുണ്ട്. അലി പുല്ലിത്തൊടിയും വിവരാവകാശ പ്രവര്‍ത്തകന്‍ മനോജ് കേതാരവുമാണ് ഖനനവുമായി ബന്ധപ്പെട്ട വിവരം പുറത്തുകൊണ്ടുവന്നത്. ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കുന്നതിന് ജിയോളജി വകുപ്പിന് നിരന്തരം കത്തെഴുതിയത് അബ്ദുല്‍ കരീമാണ്. ഇലക്ട്രിസിറ്റി ബോര്‍ഡിനും വകുപ്പ് മന്ത്രിക്കും ഇദ്ദേഹം അപേക്ഷ നല്‍കിയതായും പരാതിയില്‍ പറയുന്നുണ്ട്. 2010 ആഗസ്റ്റ് എട്ടിന് എം.എല്‍.എ ഊര്‍ജ മന്ത്രിക്ക് ശിപാര്‍ശക്കത്ത് നല്‍കിയിരുന്നു. ഈ സമയങ്ങളിലെല്ലാം കുഞ്ഞിമൊയ്തീന്‍ കോയ ഇവിടെനിന്ന് പാറ ഖനനം ചെയ്യുന്നുണ്ടായിരുന്നെന്നാണ് പരാതിക്കാരന്‍െറ വാദം. ഇലക്ട്രിസിറ്റി ബോര്‍ഡിന്‍െറയും ജിയോളജി വകുപ്പിന്‍െറയും കത്തുകളില്‍നിന്ന് ഇത് വ്യക്തമാണ്. അനധികൃത ഖനനം നടത്തിയതിന് ജിയോളജി വകുപ്പ് തയാറാക്കി റോയല്‍റ്റി തുക അധികമാണെന്ന് കാണിച്ച് അന്നത്തെ പ്രസിഡന്‍റ് കരീം കത്തെഴുതിയിട്ടുണ്ട്. വിജിലന്‍സ് കേസില്‍ പ്രതിയാണെന്ന് കണ്ടത്തെിയ ആളാണ് കുഞ്ഞിമൊയ്തീന്‍ കോയ. പഞ്ചായത്തിന്‍െറ ഭൂമി കൈയേറി ഗര്‍ത്തമുണ്ടാക്കുകയും പഞ്ചായത്ത് ഉദ്ദേശിച്ച പദ്ധതി നടപ്പാക്കാന്‍ പറ്റാത്ത രീതിയിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിനാണ് എം.എല്‍.എയും ബ്ളോക്ക് വൈസ് പ്രസിഡന്‍റും ശിപാര്‍ശ ചെയ്തത്. ഈ രണ്ടു വ്യക്തിയുടെയും ഇടപെടലാണ് ഇപ്പോഴും തുക അടവാക്കാതെ പ്രതി ഗഡുക്കളാക്കാന്‍ എം.എല്‍.എ മുഖാന്തരം അപേക്ഷ നല്‍കിയത്. പഞ്ചായത്തിനുണ്ടായ നഷ്ടം അടവാക്കേണ്ടത് സെക്രട്ടറിയാണ്. പ്രതിയെ സഹായിച്ചതിന് ജനപ്രതിനിധികള്‍ക്കെതിരെയും സെക്രട്ടറിക്കെതിരെ വകുപ്പു തല നടപടിയും ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം വിഷയത്തില്‍ ഓംബുഡ്സ്മാന്‍ പുതിയ ഭരണസമിതിക്ക് പരാതി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പരാതിയില്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. രണ്ട് വര്‍ഷത്തോളം നിരന്തരമായി നടത്തിയ ഖനനത്തില്‍ 1,34,712 രൂപ പഞ്ചായത്തിലേക്ക് റോയല്‍റ്റി ഇനത്തില്‍ അടവാക്കാന്‍ ജിയോളജി വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത് 20 തുല്യ ഗഡുക്കളാക്കാന്‍ എം.എല്‍.എ തദ്ദേശ വകുപ്പിന് ശിപാര്‍ശ ചെയ്തിരുന്നു. 6,30,000 രൂപ അടക്കേണ്ടത് ഉന്നത ഇടപെടല്‍ മൂലമാണ് ഒന്നര ലക്ഷത്തോളം രൂപയായി മാറിയത്. അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് ഖനനം നടന്നതെന്ന് നേരത്തേ ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.